ദിമിയെ മിസ് ചെയ്‌തു, ഇവാന്റെ വാക്കുകൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനുള്ള മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിക്കെതിരെ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും അവസരങ്ങൾ മുതലാക്കാതിരുന്നതും നിർണായകസമയങ്ങളിൽ വരുത്തിയ പിഴവുകളും ടീമിന് തിരിച്ചടിയാവുകയായിരുന്നു. ഒരു ഗോളിന് എൺപത്തിയാറു മിനുട്ട് വരെയും മുന്നിൽ നിന്നിരുന്ന ടീം അതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണ് തോൽവി വഴങ്ങിയത്.

മത്സരത്തിന് ശേഷം ലഭിച്ച സുവർണാവസരങ്ങൾ തുലച്ചു കളഞ്ഞതിനു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സ്വയം പഴിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. മൊഹമ്മദ് അയ്‌മൻ, ഫെഡോർ ചെർണിച്ച് എന്നിവർ ഉറപ്പായും ഗോളാക്കി മാറ്റാൻ കഴിയുന്ന അവസരങ്ങളാണ് തുലച്ചു കളഞ്ഞത്. ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടിയ ദിമിത്രിയോസ് പരിക്ക് കാരണം ഇറങ്ങിയില്ലെന്നത് ബ്ലാസ്റ്റേഴ്‌സിനെ ബാധിച്ചിരുന്നു.

മത്സരത്തിന് ശേഷം ഇവാൻ വുകോമനോവിച്ച് ദിമിത്രിയോസിന്റെ അസാന്നിധ്യത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിരുന്നു. ദിമിയെ തങ്ങൾ മിസ് ചെയ്‌തുവെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ദിമിത്രിയോസ് ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മാറിയേനെയെന്നു തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയ ഇവാൻ ടീമിന്റെ പ്രധാന താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ എന്നു കൂടിയാണ് പറയുന്നത്.

ഇവാന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ദിമിക്ക് പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ കാരണം പുതിയ കരാർ നൽകുന്നതിൽ തീരുമാനമായിട്ടില്ല. ദിമിത്രിയോസിനെപ്പോലെയൊരു താരത്തെ വിട്ടു കളഞ്ഞാൽ അത് മണ്ടത്തരമാകുമെന്നും താരത്തിന്റെ കരാർ പുതുക്കണമെന്നു കൂടിയാണ് ഇവാൻ പറയുന്നത്.

You Might Also Like