പ്ലേഓഫിൽ വിജയിക്കാൻ വേണ്ടതെന്ത്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നിർദ്ദേശവുമായി ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ലീഗ് മത്സരങ്ങളിൽ ഒരെണ്ണം കൂടി ബാക്കിയുള്ളതിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നിന്നിറങ്ങാൻ പോവുകയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടിയാലും സ്ഥാനങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നതിനാൽ മത്സരം അപ്രധാനമാണ്.

പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നിരുന്നെങ്കിൽ കൊച്ചിയിൽ പ്ലേ ഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. അഞ്ചാം സ്ഥാനത്തു തന്നെ നിന്നതോടെ അതിനു കഴിഞ്ഞില്ല. അതേസമയം ഒരൊറ്റ പാദമായി നടക്കുന്ന പ്ലേ ഓഫ് പോരാട്ടത്തിൽ വിജയം നേടാൻ താരങ്ങൾ വിചാരിച്ചാൽ കഴിയുമെന്നാണ് ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്.

“പ്ലേ ഓഫിൽ ഒരൊറ്റ മത്സരമാണ് വിധിയെഴുതുക. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുക, ഏറ്റവും കരുത്തുറ്റ പ്രകടനം നടത്താൻ വേണ്ടി ശ്രമിക്കുക. തൊണ്ണൂറു മിനുട്ടോ, തൊണ്ണൂറ്റിയഞ്ചു മിനുട്ടോ നൂറ്റിയിരുപതു മിനുട്ടോ പൊരുതേണ്ടി വന്നേക്കും. എന്തായാലും യോഗ്യത നേടാൻ വേണ്ടി പൊരുതുകയെന്നതാണ് ചെയ്യാനുള്ളൂ.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

പ്ലേഓഫ് മത്സരങ്ങൾ ഏപ്രിൽ 19, 20 തീയതികളിലാണ് നടക്കുകയെന്നും അതിൽ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം 19നു നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ഒഡിഷ എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് ഇറങ്ങേണ്ടി വരും. അവരുടെ മൈതാനത്ത് ഇതുവരെ വിജയിച്ചിട്ടില്ലെന്നത് ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയൊരു ഭീഷണിയാണ്.

You Might Also Like