അഡ്രിയാൻ ലൂണ കളിക്കുമെങ്കിലും ചെറിയൊരു പ്രശ്‌നമുണ്ട്, ഇവാൻ വുകോമനോവിച്ച് പറയുന്നു

ഒഡിഷ എഫ്‌സിക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ടീമിനൊപ്പം പരിശീലനം ആരംഭിച്ച അഡ്രിയാൻ ലൂണ മത്സരത്തിനിറങ്ങാൻ തയ്യാറാണെങ്കിലും മുഴുവൻ സമയവും കളിക്കാൻ കഴിയില്ലെന്നാണ് ഇവാൻ പറയുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായത്. ഈ സീസൺ മുഴുവൻ താരത്തിന് നഷ്‌ടമാകുമെന്നാണ് കരുതിയതെങ്കിലും നേരത്തെ തിരിച്ചെത്താൻ ലൂണക്കായി. എന്നാൽ ഡിസംബറിൽ പരിക്കേറ്റു പുറത്തു പോയ താരം അതിനു ശേഷം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്നതാണ് താരത്തെ മുഴുവൻ സമയം ഇറക്കാനുള്ള പ്രധാന ബുദ്ധിമുട്ടായി ഇവാൻ പറയുന്നത്.

“അഡ്രിയാൻ ലൂണ ടീമിനൊപ്പമുണ്ട്. അദ്ദേഹം ഒരുപാട് സമയത്തിന് ശേഷമാണ് തിരിച്ചു വരുന്നതെന്നത് ഞങ്ങൾ പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണ്. അതിനാൽ തന്നെ തൊണ്ണൂറു മിനുട്ടും കളിക്കാൻ ലൂണക്ക് കഴിയില്ല. എന്നാൽ അടുത്ത മത്സരത്തിൽ ഒരുപാട് നാളുകൾക്ക് ശേഷം ലൂണ കളത്തിലിറങ്ങും, സന്തോഷത്തോടെ അത് നിങ്ങളെ അറിയിക്കുന്നു.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഒരുപാട് നാളുകൾക്ക് ശേഷം കളത്തിലിറങ്ങുകയാണ് എന്നതിനാൽ തന്നെ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ ഇടം പിടിക്കാനുള്ള സാധ്യതയില്ലെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞതിൽ നിന്നും മനസിലാക്കേണ്ടത്. രണ്ടാം പകുതിയിലാവും താരത്തെ കളത്തിലിറക്കുക. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ കടുപ്പമേറിയ മത്സരമാകും ഒഡിഷക്കെതിരെയുള്ളത്.

You Might Also Like