ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുന്നു, രണ്ടു പരിശീലകർ പകരക്കാരായി പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഐഎഫ്‌റ്റി മീഡിയയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ഇവാൻ വുകോമനോവിച്ചിനു കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് സ്ഥിരതയുള്ള പ്രകടനം നിലനിർത്താൻ തുടങ്ങിയത്.

റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഏതാനും ക്ലബുകളിൽ നിന്നും ഇവാൻ വുകോമനോവിച്ചിന് ഓഫറുകൾ വന്നിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്ന് സൂചനകളിൽ നിന്നും വ്യക്തമാണ്. ബ്ലാസ്റ്റേഴ്‌സ് അല്ലാതെ ഇന്ത്യയിൽ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കു പാലിക്കുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനൊപ്പം ഇന്ത്യയും വിടുകയാണ്.

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഐഎസ്എൽ ടീമുകളെ പരിശീലിപ്പിക്കുന്ന രണ്ടു മാനേജർമാരെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചർച്ചകൾ നടത്തുന്ന ഈ രണ്ടു പരിശീലകർ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മോശം ഫോമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരമായി പ്ലേ ഓഫ് കളിക്കാൻ തുടങ്ങിയത് ഇവാൻ പരിശീലകനായി എത്തിയതിനു ശേഷമാണ്. ആദ്യത്തെ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതുവരെ ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകിയിട്ടില്ലാത്ത അദ്ദേഹത്തിന് ഈ സീസണിൽ അതിനു കഴിയട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

You Might Also Like