ഇത്രയധികം പിന്തുണ കൊടുത്തിട്ട് തിരിച്ചു കിട്ടിയതെന്താണ്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാറിചിന്തിക്കണമെന്ന് സന്ദേശം

ഇവാൻ വുകോമനോവിച്ച് പരിശീലകനായ മൂന്നു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചെങ്കിലും ഒരിക്കൽപോലും ഒരു കിരീടം സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞില്ല. ഒരു ഐഎസ്എൽ ക്ലബിലും മറ്റൊരു പരിശീലകനും തുടർച്ചയായി ഇത്രയും വർഷം ഉണ്ടായിട്ടില്ല. അടുത്ത സീസണിലും ഇവാൻ വുകോമനോവിച്ച് തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരുമെന്ന കാര്യത്തിലും സംശയമില്ല.

പ്ലേ ഓഫിൽ ഒഡിഷയോട് തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെ എതിർടീം ആരാധകർ വരെ ഇവാന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു നിർദ്ദേശം നൽകാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരാൾ കുറിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനമെന്നത് ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനേക്കാൾ സുരക്ഷിതമായ ഒന്നാണെന്നാണ്.

ടീമിനോട് കാണിക്കുന്ന ആത്മാർഥത പ്രശംസനീയമായ ഒന്നാണെങ്കിലും പല കാര്യങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാറി ചിന്തിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കിരീടം നേടാൻ മൂന്നു വർഷത്തെ സമയം കൊണ്ടും സാധിച്ചില്ലെങ്കിൽ ഇനിയുമൊരു വർഷം കൂടി അതിനു നൽകുന്നത് ബുദ്ധിപരമായ കാര്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുറകോട്ടു പോക്കിന് കാരണം ഇവാൻ വുകോമനോവിച്ച് മാത്രമെന്നു കരുതാൻ കഴിയില്ല. ഐഎസ്എല്ലിൽ ആധിപത്യം സ്ഥാപിക്കാൻ എല്ലാ ടീമുകളും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വിജയം നേടണമെങ്കിൽ മികച്ച താരങ്ങൾ ആവശ്യമാണ്. എന്നാൽ അക്കാര്യത്തിൽ നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനില്ല.

ഈ സീസണിൽ തന്നെ അക്കാദമിയിൽ നിന്നും വന്ന താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. പരിചയസമ്പത്ത് കുറഞ്ഞ ഈ താരങ്ങളെ കൂടുതൽ ആശ്രയിച്ചതും പല പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതും ടീമിനെ ബാധിച്ചു. ഇതൊന്നും മുൻകൂട്ടി കണ്ട് കെട്ടുറപ്പുള്ള ഒരു സ്‌ക്വാഡിനെ ഒരുക്കി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.

You Might Also Like