മുന്നിലുള്ളത് ഇതുവരെ സ്വന്തമാക്കാനാവാത്ത രണ്ടു നേട്ടങ്ങൾ, കലിംഗയിൽ ഇവാന്റെ ലക്‌ഷ്യം ചെറുതല്ല

Image 3
ISL

ഐഎസ്എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഒഡിഷ എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്. കടലാസിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ കരുത്തുറ്റ ടീമാണ് ഒഡിഷ എഫ്‌സി. അതിനു പുറമെ ഒഡിഷയുടെ മൈതാനത്താണ് മത്സരം നടക്കുന്നതെന്നതും ടീമിലെ താരങ്ങളുടെ പരിക്കുമെല്ലാം ബ്ലാസ്റ്റേഴ്‌സിനു വലിയ പ്രതിസന്ധി നൽകുന്ന കാര്യങ്ങളാണ്.

അതേസമയം നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും വലിയ നേട്ടമാണ്. ഒഡിഷ എഫ്സിയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടില്ല. ആ റെക്കോർഡ് തിരുത്താനുള്ള ഒരു അവസരം കൂടിയാണിത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ചരിത്രത്തിൽ ഇന്ന് വരെ ഒരു പാദമായി നടന്ന പ്ലേ ഓഫ് മത്സരത്തിൽ വിജയം നേടിയിട്ടില്ല. ഒഡിഷക്കെതിരായ മത്സരം ഒരു പാദമായാണ് നടക്കുന്നത് എന്നതിനാൽ തന്നെ അതിൽ വിജയിച്ചാൽ ആ ആദ്യമായി ആ നേട്ടവും സ്വന്തമാകും. അങ്ങിനെ രണ്ടു പ്രധാന നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനും ഇവാനും അവസരമുണ്ട്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേ ഓഫ് കളിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യത്തെ സീസണിൽ ഫൈനൽ വരെ എത്തിയെങ്കിലും കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ മത്സരത്തിൽ പ്രതിഷേധമുയർത്തി ഇറങ്ങിപ്പോയതാണ് ടീം പുറത്താകാൻ കാരണം. ഇവാന്റെ തന്ത്രങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ആരാധകർ.