ഐഎസ്എല്‍ ഒറ്റക്ക് നടത്തിയാല്‍ കേരളം ഫുട്‌ബോള്‍ ഹബ്ബായി മാറും, സാധ്യതകളും പ്രതിസന്ധികളും ഇങ്ങനെ

കോവിഡ് മഹാമാരിമൂലം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒറ്റവേദിയില്‍ മാത്രമായി നടത്താനുളള ആലോചനയിലാണല്ലോ സംഘാടകര്‍. ഇതുസംബന്ധിച്ച് ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡും ക്ലബ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഗോവയേയും കേരളത്തേയുമാണ് പ്രധാനമായും ഐഎസ്എല്‍ വേദിയായി തിരഞ്ഞെടുക്കാന്‍ ആലോചിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെയും ഒന്നിലേറെ വേദികളില്‍ മത്സരം നടത്താനാണ് സംഘാടകര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അനുവാദം കൂടി വേണ്ടി വരും.

അതെസമയം ഐഎസ്എല്‍ കേരളത്തില്‍ നടത്തുകയാണെങ്കില്‍ സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടി വരുക. കളിക്കളം മുതല്‍ ടീമുകള്‍ക്കുളള താമസം, പരിശീലന ഗ്രൗണ്ട് തുടങ്ങിയവയെല്ലാം കുറ്റമറ്റ രീതിയില്‍ കേരളത്തിന് സജ്ജീകരിക്കേണ്ടി വരും. കൂടാതെ വൈദ്യപരിശോധനാ സൗകര്യങ്ങള്‍, യാത്രാ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കണം.

അതെസമയം ഇവയെല്ലാം കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാനായാല്‍ ഇന്ത്യയിലെ തന്നെ ഔദ്യോഗിക ഫുട്‌ബോള്‍ ഹബ് ആയി മാറാന്‍ കേരളത്തിന് സാധിക്കും. 90 മത്സരങ്ങളടങ്ങിയ ഐഎസ്എല്‍ പോലൊരു വലിയ ടൂര്‍ണ്ണമെന്റ് നടത്തിയ സംസ്ഥാനത്തേക്ക് കൂടുതല്‍ മത്സരങ്ങള്‍ വരാനും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്‍വെസ്റ്റ് നടത്താനും സാധ്യതയേറെയാണ്.

ഒക്ടോബറില്‍ അന്തിമ തീരുമാനമാകും. കോവിഡ് ഭീതി മൂലം കഴിഞ്ഞ സീസണിലെ എടികെ-ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനല്‍ ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തിയത്.

You Might Also Like