ജെസലിന് കരാര്‍ നല്‍കിയില്ല, ഗോകുലത്തോട് മാപ്പ് ചോദിച്ച് ബിനോ ജോര്‍ജ്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സുപ്രധാന താരമായി മാറിയ ജെസല്‍ കാര്‍നേറോയെ സ്വന്തമാക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗിക്കാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ്. കായിക മാധ്യമമായ ഖേല്‍ നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് ബിനോ ജോര്‍ജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്ന് ചെറിയ ഒരു ക്ലബില്‍ കളിക്കുകയായിരുന്നു ജെസലെന്നു ക്ലബ് പ്രസിഡന്റ് അദ്ദേഹത്തെ സൈന്‍ ചെയ്തു കൂടെ എന്ന് തന്നോട് ചോദിച്ചെങ്കിലും താന്‍ അത് നിരസിക്കുകയായിരുന്നെന്ന് ബിനോ ജോര്‍ജ് പറയുന്നു. ഇക്കാര്യത്തില്‍ ക്ലബ് മാനേജുമെന്റിനോട് പല തവണ ക്ഷമ ചോദിച്ചതായും ബിനോ ജോര്‍ജ് വെളിപ്പെടുത്തുന്നു.

‘ എന്റെ പ്രധാനപെട്ട ചുമതലയെ കുറിച്ച് ക്ലബ് പ്രസിഡന്റ് പ്രവീണ്‍ സര്‍ പറഞ്ഞിരിക്കുന്നത്, ഒരു നല്ല കളിക്കാരനും നമുക്ക് നഷ്ട്ടപെട്ടു പോകരുത് എന്നായിരുന്നു. എന്നാല്‍ അതില്‍ എനിക്ക് എതിരെ ഏറ്റവും വലിയ വിമര്‍ശനം ആയി ഞാന്‍ സ്വയം കരുതുന്നത് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് വിങ് ബാക്ക് കളിക്കുന്ന ജെസ്സിലിനെ ഗോകുലത്തിന് വേണ്ടി സൈന്‍ ചെയ്യാതെ ഇരുന്നതാണ്’ അദ്ദേഹം ജസലിനെ നഷ്ടപ്പെട്ട സംഭവം ഓര്‍ത്തെടുക്കുന്നു.

‘ഞങ്ങള്‍ മുന്‍പ് എവിയസ് കപ്പ് കളിക്കാന്‍ ഗോവയില്‍ പോയപ്പോള്‍ അന്ന് ചെറിയൊരു ക്ലബ്ബില്‍ കളിക്കുന്ന ജെസലിനെ കണ്ടിരുന്നു. ആ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു ജെസല്‍. അന്ന് ഗോകുലം പ്രസിഡന്റ് പ്രവീണ്‍ എന്നോട് ചോദിച്ചത് ആ താരത്തെ സൈന്‍ ചെയ്തുകൂടെ എന്നായിരുന്നു. ക്ലബ് അന്ന് താരവുമായി ചര്‍ച്ചകള്‍ നടത്താനിരുന്ന സമയത്ത് ‘അവന്‍ വലിയ താരമൊന്നും അല്ല, വേണ്ട’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത് ഞാന്‍ ചെയ്ത വലിയൊരു തെറ്റായിരുന്നു. അവന്‍ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു താരമായി മാറിയിരിക്കുന്നു. പിന്നീട് ഞാന്‍ എടുത്ത ആ തെറ്റായ തീരുമാനത്തില്‍ ക്ലബ് പ്രസിഡന്റിനോട് പലതവണ ക്ഷമ ചോദിച്ചിട്ടുണ്ട്’ ബിനോ ജോര്‍ജ് കൂട്ടിചേര്‍ത്തു.

നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏ്റ്റവും പ്രധാന പ്രതിരോധ താരമാണ് ജെസല്‍. രണ്ട് മാസം മുമ്പ് ജെസലുമായി മൂന്ന് വര്‍ഷ്‌ത്തേക്ക് കൂടി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടിരുന്നു.

You Might Also Like