ബ്ലാസ്റ്റേഴ്‌സ് ഡ്രെസ്സിംഗ് റൂമില്‍ കലാപം, കിബു പുറത്തായതിങ്ങനെ

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പരിശീലകന്‍ കിബു വികൂന പുറത്തായതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു. കിബു വികൂനയും ഇന്ത്യന്‍ താരങ്ങളും തമ്മിലുളള അഭിപ്രായ വ്യത്യസമാണത്രെ കിബുവിന്റെ പുറത്താകലിലേക്ക് വഴിവെച്ചത്. പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ക്ലബ്ബില്‍ ദൗര്‍ഭാഗ്യകരമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നത്. ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കളിക്കാരുടെ വിശ്വാസവും ബഹുമാനവും നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മോഹന്‍ ബഗാന്റെ മുന്‍ പരിശീലകന്‍ കൂടി ആയിരുന്ന കിബു വിക്യൂന രാജി വെച്ചതെന്നാണ് ഖേല്‍ നൗ ആരോപിക്കുന്നത്.

കളിക്കിടെയുള്ള കിബുവിന്റെ ഇടപെടലുകളിലും തന്ത്രങ്ങളിലും കളിക്കാര്‍ക്ക് വിശ്വാസം ഇല്ലാതായിത്തുടങ്ങിയത്രെ. പ്രത്യേകിച്ച് പല മത്സരങ്ങളിലും പകരക്കാരെ ഇറക്കാന്‍ കിബു മടികാണിച്ചത്. പല മത്സരങ്ങളിലേയും ടീമിന്റെ രണ്ടാം പകുതിയിലെ പ്രകടനത്തില്‍ കടുത്ത അതൃപ്തി ടീമിനുള്ളില്‍ തന്നെ ഉടലെടുത്തിരുന്നു. ഇതിനുപുറമെ കിബുവിന്റെ ശൈലികളും ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ ബുദ്ധിമുട്ടിയെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

അവസാന കുറച്ച് ആഴ്ചകളായി ബ്ലാസ്റ്റേഴ്‌സിലെ ഒരു വിദേശതാരമാണ് ടീമിന്റെ പരിശീലകനസെഷനുകള്‍ നയിച്ചതെന്നും ഖേല്‍ നൗ വെളിപ്പെടുത്തുന്നു. കിബുനൊപ്പം പരിശീലിക്കുന്നതിലും എളുപ്പമായിട്ടാണ് ടീമംഗങ്ങള്‍ സഹതാരത്തിന് കീഴിലുള്ള പരിശീലനത്തെ കണ്ടത്. ടീമിലെ ഇന്ത്യന്‍ താരങ്ങള്‍, പരിശീലകനിലുമുപരി വിദേശതാരങ്ങളെയാണ് എല്ലാ കാര്യങ്ങളിലും ആശ്രയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് പരിശീലിപ്പിച്ച മോഹന്‍ ബഗാനില്‍ നിന്ന് മൂന്ന് പേരെയെങ്കിലും ഒപ്പം കൂട്ടാന്‍ കിബു ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ട്രാന്‍സ്ഫറുകളൊന്നും നടക്കാതിരുന്നതില്‍ കിബു അതൃപ്തനായിരുന്നു. ഇതോടെയാണ് പരസ്പര സമ്മതത്തോടെ കിബുവും ബ്ലാസ്‌റ്റേഴ്‌സും വഴിപിരിഞ്ഞത്.