പന്തെറിയാന്‍ കോഹ്ലിയോട് കെഞ്ചി കാണികള്‍, കോഹ്ലിയുടെ മറുപടി വൈറല്‍, വീഡിയോ കാണാം

ഐപിഎല്ലില്‍ ആര്‍സിബിയ്ക്ക് ഒരുമറ്റവുമില്ല. കഴിഞ്ഞ 16 സീസണുകളിലേത് പോലെ തന്നെ ഇത്തവണയും തോല്‍വി ഇരന്ന് വാങ്ങുകയാണ് ആരാധകര്‍ ഏറെയുളള ബംഗളൂരു ടീം. ആറ് മത്സരത്തില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടാണ് ആര്‍സിബി ദയനീയമായി തോറ്റമ്പിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി എട്ട് വിക്കറ്റിന് 196 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും മറുപടിക്കിറങ്ങിയ മുംബൈ 27 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്.

മത്സരത്തില്‍ മുംബൈ അനായാസ ജയമാണ് നേടിയെടുത്തതെങ്കിലും ചില രസകരമായതുമായ സംഭവങ്ങള്‍ മത്സരത്തിലുണ്ടായി. വിരാട് കോലി ബാറ്റിങ്ങില്‍ ഫ്ളോപ്പായെങ്കിലും മുംബൈയുടെ തട്ടകത്തിലും വലിയ ആര്‍പ്പുവിളികളും കൈയ്യടികളുമാണ് കോഹ്ലിയ്ക്കായി ഉയര്‍ന്നത്.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന കോഹ്ലി മത്സരത്തിനിടെ ആരാധകരുമായി ഇടക്കിടെ സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആരാധകര്‍ കോഹ്ലിയോട് പന്തെറിയാമോയെന്ന് ചോദിക്കുകയും കോഹ്ലി അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

മുംബൈ താരങ്ങള്‍ തകര്‍ത്തടിക്കുന്ന സമയത്താണ് ആരാധകര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ കോഹ്ലി കൈകൂപ്പി തനിക്ക് പറ്റില്ലെന്നാണ് ആരാധകരോട് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്.

മത്സരത്തില്‍ ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവിയപ്പോഴും കോഹ്ലിയുടെ ഇടപെലുണ്ടായി. ആരാധകരോട് കൂവല്‍ നിര്‍ത്തി കൈയ്യടിക്കാനാണ് കോഹ്ലി ആവശ്യപ്പെട്ടത്. ഇതോടെ ആരാധകര്‍ കൂവല്‍ നിര്‍ത്തുകയും ഹാര്‍ദ്ദിക്കിനായി കൈയ്യടിക്കുകയും ചെയ്തിരുന്നു.

 

You Might Also Like