അർജന്റീന താരത്തിന്റെ വെടിച്ചില്ലു ഗോൾ, ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ഇന്റർ മിലാൻ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ വിജയം നേടി ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ സെമി ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറ്റലിയിലെ തന്നെ ക്ലബായ എസി മിലാനെ ഒരു ഗോളിനാണു ഇന്റർ മിലാൻ കീഴടക്കിയത്. ആദ്യപാദത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയം നേടിയ ഇന്റർ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്തും ആധികാരികമായ പ്രകടനം നടത്തിയാണ് വിജയവും ഫൈനൽ പ്രവേശനവും നേടിയത്.

ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയ എസി മിലാനു വിജയം അനിവാര്യമായ ഒന്നായിരുന്നെങ്കിലും അതിനവർക്ക് യാതൊരു അവസരവും ലഭിച്ചില്ലെന്നതാണ് സത്യം. ഇന്റർ മിലാൻ ആക്രമണത്തിലും പ്രതിരോധത്തിലും എസി മിലാനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയപ്പോൾ ആകെ ഒരു ഷോട്ട് മാത്രമേ അവർക്ക് ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ. ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് ഇന്റർ നടത്തിയത്.

രണ്ടാം പകുതിയിലാണ് എസി മിലാനു തിരിച്ചു വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയ ഗോൾ പിറന്നത്. പകരക്കാരനായി ലുക്കാക്കു ഇറങ്ങിയതിനു ശേഷം ഇന്ററിന്റെ നീക്കങ്ങൾക്ക് ഒന്നുകൂടി ശക്തി പ്രാപിച്ചു. ലുക്കാക്കുവും ലൗടാരോയും ബോക്‌സിനുള്ളിൽ നടത്തിയ നീക്കത്തിന് ശേഷം ലൗടാറോയുടെ ഗ്രൗണ്ടർ ഷോട്ട് എസി മിലാൻ ഗോളിയെ കീഴടക്കുകയായിരുന്നു. അതോടെ സാൻസിറൊ സ്റ്റേഡിയം ആനന്ദത്തിൽ ആറാടി.

സീരി എയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ നടത്തിയ കുതിപ്പ് അവിശ്വസനീയമാണ്. 2010ൽ മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ഇന്റർ മിലാൻ അതിനു ശേഷം ആദ്യമായാണ് ഫൈനൽ കളിക്കുന്നത്. 2010ൽ ഇന്റർ നേടിയതിനു ശേഷം മറ്റൊരു ഇറ്റാലിയൻ ക്ലബും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. ഫൈനലിൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ആയിരിക്കും ഇന്ററിന്റെ എതിരാളികൾ.

You Might Also Like