സഞ്ജു സാക്ഷി, സിക്‌സ് അടിച്ച് ഫിനിഷ് ചെയ്ത് ശ്രേയസ്, പ്രോട്ടീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര

ടി20യ്ക്ക് പുറമെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 49 റണ്‍സ് നേടി. 57 പന്തില്‍ എട്ട് ബൗണ്ടറി സഹിതമാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റണ്‍സുമായി ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. സിക്‌സ് അടിച്ചാണ് ശ്രേയസ് ഇന്ത്യയുടെ വിജയറണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സുമായി ശ്രേയസിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റേയും 10 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 27.1 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് അഞ്ച് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും ഷഹ്ബാസ് അഹമ്മദ് ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

42 പന്തില്‍ നാല് ഫോറടക്കം 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കോ ജന്‍സന്‍ 14ഉം ജന്നെമാന്‍ മലാന്‍ 15ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടക്കാനായില്ല.

ക്വിന്റണ്‍ ഡികോക്ക് (6), റീസാ ഹെന്റിക്‌സ് (3), എയ്ഡന്‍ മാര്‍ക്കരം (9), ഡേവിഡ് മില്ലര്‍ (7), പില്‍ക്വായോ (5), ഫോര്‍ച്ചുയ്ന്‍ (1), ആന്റിച്ച് നോര്‍ജെ (0) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം.

You Might Also Like