ഐലീഗ് കളിക്കാന്‍ മറ്റൊരു മലയാളി ക്ലബ് കൂടി, സുദേവയുടെ വെല്ലുവിളി അതിജീവിക്കുമോ?

Image 3
FootballISL

അടുത്ത സീസണിലെ ഐലീഗ് കളിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമുകളെ ക്ഷണിച്ചിരിക്കുകയാണല്ലോ. ഇതോടെ നിലവില്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന നിരവധി ടീമുകളാണ് ഐലീഗില്‍ എത്താന്‍ ബിഡ് സമര്‍പ്പിക്കാനൊരുങ്ങുന്നത്.

ഇതില്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുദേവാ മൂണ്‍ലൈറ്റ് എഫ്‌സിക്കാണ്, നിരവധി വര്‍ഷങ്ങളായി സുദേവ ഐലീഗ് കളിക്കാന്‍ ശ്രമം ആരംഭിച്ചിട്ട്. ഇതിനോടകം തന്നെ ബിഡ് സമര്‍പ്പിക്കുമെന്ന് സുദേവ എഫ്‌സി പ്രഖ്യാപിച്ചും കഴിഞ്ഞു. ആദ്യ ഐലീഗ് സീസണില്‍ മുഴുവന്‍ യുവതാരങ്ങളെ കളിപ്പിക്കുമെന്നും സുദേവ പ്രഖ്യാപിച്ചുകഴിഞ്ഞു.

സുദേവയെ കൂടാതെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലബായ ലൂക്ക സോക്കര്‍ അക്കാദമിയും ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ ശ്രമം അരംഭിച്ചിട്ടുണ്ട്. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയാകും ലൂക്ക സോക്കര്‍ കളിക്കുക. കഴിഞ്ഞ സീസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ ഉണ്ടായിരുന്ന ടീമാണ് ലൂക്ക സോക്കര്‍. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താരമായ നവാസും മുസ്തഫ കമാലും ആണ് ലുക്കാ സോക്കര്‍ ക്ലബിന്റെ അണിയറയില്‍ ഉള്ളത്.

സുദേവയേയും ലൂക്കയേയും കൂടാതെ ബംഗളൂരു യുണൈറ്റഡ് എഫ്‌സി, രാജസ്ഥാന്‍ എഫ്‌സി, ഹിന്ദുസ്ഥാന്‍ എഫ്‌സി തുടങ്ങിയ ടീമുകളും ഐലീഗ് പ്രവേശനത്തിനായി ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതെസമയം കേരള ക്ലബ് ഐലീഗിലെത്താനുളള സാധ്യത കുറവാണ്. ഫുട്‌ബോളിന് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സൂദേവയ്ക്കായിരിക്കും ഇപ്രാവശ്യം നറുക്ക് വീഴുക. കേരളത്തില്‍ ഗോകുലം എഫ്‌സിയുടെ സാന്നിധ്യമാകും ലൂക്കയ്ക്ക് തിരിച്ചടിയാകുക.