സര്‍പ്രൈസ് നീക്കവുമായി സിഎസ്‌കെ, കോണ്‍വെയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

ഐപിഎല്ലില്‍ നിര്‍ണ്ണായക നീക്കവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന സിഎസ്‌കെ ഓപ്പണറും ന്യൂസിലന്‍ഡ് താരവുമായ ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസനെയാണ് താരത്തിന് പകരക്കാരനായി ചെന്നൈ തട്ടകത്തിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഗ്ലീസന്‍ ചെന്നൈയിലെത്തിയത്.

ഐപിഎല്ലിന് മുമ്പ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡേവോണ്‍ കേണ്‍വെയ്ക്ക് ഇടത് കൈയുടെ തള്ളവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് താരം പിന്മാറിയിരുന്നു.

ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തോടെ കോണ്‍വെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന താരം ഇത്തവണ ഐപിഎല്ലിനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ടി20 ലോകകപ്പ് കൂടി പരിഗണിച്ചാണ് കോണ്‍വെയുടെ തീരുമാനം.

36കാരനായ ഗ്ലീസന്റെ വരവോടെ ചെന്നൈയുടെ ബൗളിങ് നിര കൂടുതല്‍ ശക്തമാവും. 90 ടി20 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകളാണ് ഗ്ലീസന്റെ സമ്പാദ്യം. 8.18 താരത്തിന്റെ എക്കോണമി. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി ആറ് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

You Might Also Like