തോറ്റമ്പിയതിന് പിന്നാലെ വിമര്‍ശനമുന രോഹിത്ത്-ഭുംറ സഖ്യത്തിനെതിരെ തിരിച്ച് ഹാര്‍ദ്ദിക്ക്, പാളയത്തില്‍ പട തുടരുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോറ്റതിന് ശേഷം മുന്‍നിര ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും പ്രകടനത്തില്‍ നിരാശ പരസ്യമാക്കി ഹാര്‍ദിക് പാണ്ഡ്യ. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായത് തുടക്കത്തില്‍ തന്നെ തങ്ങള്‍ കുഴപ്പത്തിലകപ്പെട്ടതായി ഹാര്‍ദിക്ക് വ്യക്തമാക്കി.

തിലകും നെഹാലും വളരെ ഉജ്ജ്വലമായിട്ടാണ് പിന്നീട് കളിച്ചത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 180 റണ്‍സിന് അടുത്തൊന്നും എത്തുമെന്നു ഞാന്‍ കരുതിയില്ല. പക്ഷെ മല്‍സരം നന്നായി ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. അതുകൊണ്ടു തന്നെ 10-15 റണ്‍സ് കുറച്ചാണ് ടീം നേടിയതെന്നും ഹാര്‍ദിക് വിശദീകരിച്ചു. മുന്‍നിര ബാറ്റിങിനെ വിമര്‍ശിക്കുന്നതിനോടൊപ്പം ബൗളര്‍മാരെയും അദ്ദേഹം വിമര്‍ശിച്ചു.

ബൗളര്‍മാര്‍ സ്റ്റംപ് ഏരിയയില്‍ കൂടുതല്‍ ബൗള്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നു. പവര്‍പ്ലേയുടെ തുടക്കത്തില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ അവര്‍ക്കു ഷോട്ടുകള്‍ കളിക്കാനുളള ഒരുപാട് അവസരങ്ങളും നല്‍കി. ഫീല്‍ഡിങിലും ഞങ്ങള്‍ക്കു ഇതൊരു നല്ല ദിവസമായി തോന്നുന്നില്ല. ഓവറോള്‍ നോക്കുകയാണെങ്കില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ഒരുപാട് പിഴവുകള്‍ സംഭവിച്ചു. റോയല്‍സ് ടീം തങ്ങളെ നിഷ്പ്രഭരാക്കുകയും ചെയ്തു’ ഹാര്‍ദിക് വ്യക്തമാക്കി.

‘മല്‍സരശേഷം താരങ്ങളിലേക്കു പോവുന്നത് ശരിയായ സമയമല്ല. എല്ലാവരും പ്രൊഫഷണലുകളാണ്. സ്വന്തം റോളുകളെക്കുറിച്ച് അവര്‍ക്കറിയാം. ഈ മല്‍സരത്തില്‍ നിന്നും, ഇതില്‍ വരുത്തിയ പിഴവുകളില്‍ നിന്നും പാഠം പഠിക്കുകയാണ് ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുക. ഈ കളിയിലെ പിഴവുകള്‍ മനസ്സിലാക്കിയ ശേഷം അവ തിരുത്തുകയും ഇനിയത് ആവര്‍ത്തിക്കില്ലെന്നു ഉറപ്പ് വരുത്തുകയും വേണം’ ഹാര്‍ദ്ദിക്ക് പറഞ്ഞു.

‘ഒരു ടീമെന്ന നിലയില്‍ പുരോഗതി കൈവരിക്കുകയെന്നത് വളരെ പ്രധാനമാണ്. ടീമിനകത്തു തന്നെ ഞങ്ങള്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്. ടീമില്‍ ഒരുപാട് അഴിച്ചുപണികളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കളിക്കാരെ പിന്തുണയ്ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നല്ല ക്രിക്കറ്റ് കളിക്കുകയെന്നതാണ് എല്ലാപ്പോഴും ലക്ഷ്യം. നമ്മള്‍ സിംപിളാക്കി നിര്‍ത്തിയാല്‍ ക്രിക്കറ്റെന്നത് സിംപിളായ ഗെയിമാണ്’ ഹാര്‍ദിക്ക് കൂട്ടിച്ചേര്‍ത്തു.

You Might Also Like