ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ക്ലബ് വിട്ടു, റാഞ്ചിയത് ഹൈദരാബാദ്

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഹാളിചരണ്‍ നര്‍സാരി ക്ലബ് വിട്ടു. ഹൈദരാബാദ് എഫ് സിയിലേക്കാണ് ഹാളിചരണ്‍ നര്‍സാരി കൂടുമാറിയിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടിയ ശേഷമാണ് ആസാം വിംഗര്‍ ആയ ഹാളിചരണ്‍ നര്‍സാരി ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

നര്‍സാരിയുടെ സൈനിംഗ് ഹൈദരാബാദ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹൈദരബാദുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നര്‍സാരി ഒപ്പുവെച്ചിരിക്കുന്നത്. പുതിയ സീസണില്‍ പരിശീലകന്‍ കിബു വികൂനയുടെ പദ്ധതികളില്‍ ഉള്‍പ്പെടില്ല എന്ന് മനസ്സിലാക്കിയതോടൊണ് താരം ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 14 മത്സരങ്ങള്‍ കളിച്ച താരമാണ് നര്‍സാരി. ഒരു ഗോളും രണ്ട് അസിസ്റ്റും ആസാം താരം സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനായി മൊത്തം 38 മത്സരങ്ങലിലാണ് നര്‍സാരി ബൂട്ടണിഞ്ഞത്.

മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടിയും ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട് നര്‍സാരി. ഐ ലീഗില്‍ ഡി എസ് കെ ശിവജിയന്‍സിനു വേണ്ടിയും നര്‍സാരി ബൂട്ട് കെട്ടിയിട്ടുണ്ട്.

26കാരനായ നര്‍സാരി ഇന്ത്യയ്ക്കായി ഇതിനോടകം 26 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരു രാജ്യന്തര ഗോളും താരം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19, 23 ടീമുകളിലും താരം കളിച്ചിട്ടുണ്ട്.

You Might Also Like