അഗ്യൂറോയുടെ അഭാവം പരിഹരിച്ച് ജീസസ്, പ്രശംസിച്ച് ഗാർഡിയോള

റയൽ മാഡ്രിഡിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിനെ പ്രശംസിച്ച് പെപ് ഗാർഡിയോള. മത്സരത്തിൽ റയൽ പ്രതിരോധതാരം റാഫേൽ വരാനെ സമ്മർദ്ദത്തിലാക്കിയ ജീസസ് രണ്ടു തവണയും ഫ്രഞ്ച് താരത്തിന്റെ പിഴവു മുതലാക്കി സിറ്റിയെ മുന്നിലെത്തിച്ചു. ആദ്യ തവണ സ്റ്റെർലിങ്ങിനു ഗോൾ നേടാൻ അവസരമൊരുക്കിയ താരം രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തു.

“പ്രീ ക്വാർട്ടറിൽ റയലിനെതിരായ രണ്ടു മത്സരങ്ങളിൽ ജീസസാണ് മാൻ ഓഫ് ദി മാച്ച്. മാഡ്രിഡിൽ വച്ചു നടന്ന മത്സരത്തിൽ താരം ഗോൾ നേടുകയും പെനാൽട്ടി ലഭിക്കാനുള്ള കാരണമാവുകയും ചെയ്തു. രണ്ടാം പാദത്തിലാണെങ്കിൽ ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു. നിർണായകമായ പ്രകടനമാണ് രണ്ടു പാദങ്ങളിലും താരം കാഴ്ച വെച്ചത്.” ഗാർഡിയോള പറഞ്ഞു.

“ഗോൾ നേടിയില്ലെങ്കിലും ജീസസ് ടീമിനെ വളരെയധികം സഹായിക്കാറുണ്ട്. ഒരു സ്ട്രൈക്കറുടെ ജോലി ഗോൾ നേടുകയാണെന്നത് ശരി തന്നെയാണ്. മികച്ച താരങ്ങൾ നിർണായക മത്സരങ്ങളിൽ അവരുടെ കഴിവു പുറത്തെടുക്കുന്നവരാണ്. ഇന്നലത്തെ മത്സരത്തിൽ വലിയ മത്സരങ്ങൾ തനിക്ക് ഒറ്റക്കു വിജയിപ്പിക്കാൻ കഴിയുമെന്നു തന്നെയാണ് ജീസസ് തെളിയിച്ചത്.” ഗാർഡിയോള പറഞ്ഞു.

സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സിറ്റി മികച്ച രീതിയിൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ അവസരങ്ങൾ മുതലാക്കാൻ അവർക്കു കഴിഞ്ഞില്ല. റയലും മികച്ച അവസരങ്ങൾ പ്രത്യാക്രമണങ്ങളിലൂടെ സൃഷ്ടിച്ചെങ്കിലും ലോകകപ്പ് നേടിയ വരാന്റെ പിഴവു തന്നെയാണ് അവർക്കു തിരിച്ചടിയായത്. പരിശീലകനെന്ന നിലയിൽ ആദ്യമായാണ് സിദാൻ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകുന്നത്.

You Might Also Like