ഗാർഡിയോളക്കു മുട്ടിടിക്കുന്നു, റയലിനെ നേരിടാൻ ഒരുക്കം തുടങ്ങിയെന്ന് സിറ്റി പരിശീലകൻ

Image 3
Champions LeagueFeaturedFootball

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനു നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നു വെളിപ്പെടുത്തി പെപ് ഗാർഡിയോള. ആദ്യപാദം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയിച്ച സിറ്റിക്ക് ഓഗസ്റ്റ് ഏഴിനു നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ മുൻതൂക്കമുണ്ടെങ്കിലും സിദാന്റെ റയലിനെ മറികടക്കുക എളുപ്പമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ടൂർണമെൻറിൽ റയൽ മാഡ്രിഡിനെ നന്നായി അറിയുന്ന ഒരാൾ ഞാനായിരിക്കും. ടൂർണമെന്റിൽ ആധിപത്യം പുലർത്തുന്ന ടീമാണ് അവരെന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഞങ്ങൾ റയലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.” ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് ഗാർഡിയോള പറഞ്ഞു.

“ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരാണ് റയൽ മാഡ്രിഡ്. അവരേക്കുറിച്ച് ചിന്തിക്കാതെ അടുത്ത റൗണ്ട് മത്സരത്തെക്കുറിച്ചു മാത്രം ആലോചിച്ചിരുന്നാൽ റയൽ മാഡ്രിഡ് ടൂർണമെന്റിൽ നിന്നും ഞങ്ങളെയെടുത്തു പുറത്തിടും.” ഗാർഡിയോള പറഞ്ഞു.

ഇത്തവണ പ്രീമിയർ ലീഗിൽ ലിവർപൂളിനെ അപേക്ഷിച്ച് വളരെ പുറകോട്ടു പോയെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിലൊന്നാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ അഗ്യൂറോ പരിക്കു മൂലം പുറത്തായത് അവർക്കു തിരിച്ചടിയാണ്.