ക്യാപ്റ്റൻ ലിത്വാനിയയും പ്ലേഓഫ് കളിക്കാനുണ്ടായേക്കില്ല, ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി

Image 3
ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി വർധിക്കുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ ലിത്വാനിയൻ സ്‌ട്രൈക്കർ ഫെഡോർ ചെർണിച്ചും പരിക്കിന്റെ പിടിയിലാണ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ വിദേശസ്‌ട്രൈക്കർമാർ ഇല്ലാതെ കളിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെഡോർ ചെർണിച്ചിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പറ്റിയിരിക്കുന്നത്. ഫുട്ബോൾ താരങ്ങളെ സംബന്ധിച്ച് ഗുരുതരമായ പരിക്കാണ് ഹാംസ്ട്രിങ് ഇഞ്ചുറി. പരിക്ക് ഗുരുതരമാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

അതേസമയം ഫെഡറിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ചെറിയ പരിക്കാനെങ്കിൽ താരം പെട്ടന്ന് തന്നെ ഫിറ്റ്നസ് വീണ്ടെടുത്തേക്കും. പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്‌ച ബാക്കിയുള്ളതിനാൽ അത്രയും സമയം ലഭിക്കും. അതേസമയം പരിക്ക് സാരമുള്ളതാണെങ്കിൽ ഈ സീസണിലിനി ഫെഡോർ കളിക്കാനുള്ള സാധ്യതയില്ല.

ഫെഡോർ കൂടി പുറത്തായാൽ ഒരു വിദേശസ്‌ട്രൈക്കർ പോലുമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയാണുള്ളത്. നിലവിൽ ടീമിലുള്ള സ്‌ട്രൈക്കർമാരായ ദിമിത്രിയോസ്, പെപ്ര, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിറ്റയെ പൂർണമായതും ആശ്രയിക്കേണ്ട സാഹചര്യമാണ് ടീമിനുള്ളത്.