മെസിയും ഹസാർഡും ഒരേ മികവിൽ കളിക്കുന്ന താരങ്ങളാണ്, ലാലിഗ അവതരണ വേളയിൽ സാമുവൽ ഏറ്റു

സൂപ്പർ താരം ലയണൽ മെസി ബാഴ്സയിൽ തുടരുമെന്ന തീരുമാനം എല്ലാ ആരാധകരെ പോലെ തനിക്കും വലിയ സന്തോഷമാണുണ്ടാക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ ഇതിഹാസതാരമായ സാമുവൽ ഏറ്റു. ലാലിഗയുടെ അവതരണചടങ്ങിലാണ് ഏറ്റു മെസിയുടെ തീരുമാനത്തെക്കുറിച്ച് മനംതുറന്നത്. മെസിയെ തന്റെ മകണെന്നാണ് ഏറ്റു വിശേഷിപ്പിച്ചത്.

തന്റെ മകനായ മെസി ബാഴ്സയിൽ തന്നെ തുടരുന്നതിൽ താൻ അതീവസന്തുഷ്ടവാനാണെന്നാണ് ഏറ്റു പറഞ്ഞത്. ചടങ്ങിൽ ഒട്ടേറെ മുൻ താരങ്ങൾ പങ്കെടുത്തിരുന്നു. ആന്ദ്രേസ് ഇനിയേസ്റ്റ, ഈകർ കസിയ്യസ്, ലൂയിസ് ഗാർഷ്യ, ഡിയഗോ ഫോർലാൻ എന്നിവരൊക്കെയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ മെസിയും ഹസാർഡും ഒരേ മികവിൽ കളിക്കുന്ന താരങ്ങളാണെന്നാണ് ഏറ്റുവിന്റെ അഭിപ്രായം. അടുത്ത സീസണിൽ ബാഴ്സ ലാലിഗ നേടുമെന്നും ഏറ്റു അഭിപ്രായപ്പെട്ടു.

“അടുത്ത ലാലിഗ കിരീടം നേടാൻ പോവുന്നത് ബാഴ്സലോണ തന്നെയാണ്. പക്ഷെ എനിക്ക് മയ്യോർക്കയോടാണ് താല്പര്യം. അത്‌ എന്റെ ഹൃദയത്തിൽ പതിഞ്ഞ ക്ലബാണ്. മയ്യോർക്ക ലാലിഗയുടെ മുൻനിരയിലേക്ക് വരാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്റെ മകനായ മെസി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതിൽ വളരെ സന്തോഷവാനാണ്. പക്ഷെ ടീം മെച്ചപ്പെടണമെങ്കിൽ മെസി മാത്രം മതിയാവില്ല. ബാഴ്സയുടെ ശൈലിയിൽ കളിക്കുന്ന ഒരുപാട് പേരെ ബാഴ്സക്ക് വേണം.

“ടിക്കി ടാക്ക കളിക്കുന്ന താരങ്ങളെയാണ് ബാഴ്സക്ക് വേണ്ടത്. അല്ലാതെ ബോക്സ് ടു ബോക്സ് കളിക്കുന്ന താരങ്ങളെയല്ല. റയൽ മാഡ്രിഡ്‌ താരമായ ഹസാർഡ് മെസിയുടെ അതേ മികവുള്ള താരമാണ്. പക്ഷെ സെർജിയോ ബുസ്കെറ്റ്‌സിനെ അദ്ദേഹത്തിന്റെ ഏറ്റവും പഴയ മികവിൽ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ആ മികവ് കണ്ടെത്തിയാൽ തീർച്ചയായും ബാഴ്‌സക്ക് കിരീടങ്ങൾ നേടാൻ കഴിയും.” ഏറ്റു അവതരണവേളയിൽ അഭിപ്രായപ്പെട്ടു.

You Might Also Like