പോരാളികളെ പോലെ, ഈസ്റ്റ് ബംഗാള്‍ ഇനി ഐഎസ്എല്‍ ടീം

ഐഎസ്എല്‍ പ്രവേശനം ഉറപ്പിച്ച് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. ബദ്ധവൈരികളായ മോഹന്‍ ബഗാനു പിന്നാലെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഈസ്റ്റ് ബംഗാളും ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) സ്ഥാപക ചെയര്‍പഴ്‌സന്‍ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെയും അവരുടെ ലക്ഷക്കണക്കിന് ആരാധരെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഏറ്റവും സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ഈ പരമ്പരാഗത ക്ലബ്ബുകള്‍ (മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ക്ലബ് എടികെയുമായി ലയിച്ച് ഐഎസ്എലിന്റെ ഭാഗമായിരുന്നു) ഐഎസ്എലിന്റെ ഭാഗമാകുന്നത് ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകും’ നിത അംബാനി വ്യക്തമാക്കി.

ഐഎസ്എലിന്റെ ഭാഗമാകുന്ന 11ാമത്തെ ക്ലബാണ് ഈസ്റ്റ് ബംഗാള്‍. ക്ലബ്ബിനെ ഈ വര്‍ഷമാദ്യം ശ്രീ സിമന്റ്‌സ് ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ഈസ്റ്റ് ബംഗാളും കളിക്കും

എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്‌സി, ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ, കേരളാ ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പുര്‍ എഫ്‌സി എന്നിവയാണ് ഐഎസ്എലിലെ മറ്റു ക്ലബ്ബുകള്‍.

ഈ വര്‍ഷം നവംബറിലാണ് സീസണ്‍ ആരംഭിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

You Might Also Like