ഇത്രയും പരിചയസമ്പന്നനായ താരം ഒരിക്കലും വരുത്താൻ പാടില്ലാത്ത പിഴവ്, ദിമിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ അവർ വിജയം സ്വന്തമാക്കിയിരുന്നു. സച്ചിൻ സുരേഷ് പെനാൽറ്റികൾ തടഞ്ഞിട്ട് ഹീറോയായ മത്സരത്തിൽ ഡൈസുകെ, ദിമിത്രിയോസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്. സച്ചിൻ നിർണായകമായ പെനാൽറ്റി സേവ് ചെയ്‌തെങ്കിലും അവസാന മിനുട്ടിൽ ലഭിച്ച മറ്റൊരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ആശ്വാസഗോൾ കണ്ടെത്തി.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ആണെങ്കിലും മത്സരത്തിന് ശേഷം താരത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഗോളടിച്ചതിനു ശേഷം തന്റെ കുട്ടിക്ക് അത് സമർപ്പിക്കാൻ വേണ്ടി താരം ജേഴ്‌സി ഊരിയതിനെ തുടർന്ന് റഫറി മഞ്ഞക്കാർഡ് നൽകി. ഗോളിന് തൊട്ടു മുൻപ് ദിമിത്രിയോസ് ഒരു മഞ്ഞക്കാർഡ് നേടിയിരുന്നതിനാൽ രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങി താരം പുറത്തു പോവുകയായിരുന്നു.

ഒരു സീനിയർ താരത്തെ സംബന്ധിച്ച് ഒരിക്കലും വരുത്താൻ പാടില്ലാത്ത പിഴവാണ് ദിമിത്രിയോസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്. കുട്ടി പിറന്നതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന താരം ഒഡിഷയ്ക്കെതിരെ ഗോൾ നേടിയിരുന്നെങ്കിലും അപ്പോഴൊന്നും ഇങ്ങിനെ ആഘോഷിച്ചില്ല. എന്നാൽ ഈ മത്സരത്തിൽ ഒരു മഞ്ഞക്കാർഡ് വാങ്ങി അതിനു പിന്നാലെ അനാവശ്യമായി ജേഴ്‌സിയൂരി താരം രണ്ടാമത്തെ മഞ്ഞക്കാർഡും വാങ്ങിക്കുകയായിരുന്നു.

ദിമിത്രിയോസിന്റെ ഈ പ്രവൃത്തി ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി നൽകാനുള്ള സാധ്യതയുണ്ട്. ടീമിലെ മറ്റൊരു വിദേശ സ്‌ട്രൈക്കറായ പെപ്ര മോശം ഫോമിൽ കളിക്കുന്നതിനാൽ ദിമിത്രിയോസിനെ ബ്ലാസ്റ്റേഴ്‌സ് വളരെയധികം ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനാവശ്യമായി ഗ്രീക്ക് താരം ചുവപ്പുകാർഡ് നേടിയത്. ഇതോടെ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടക്കുന്ന അടുത്ത മത്സരം താരത്തിന് നഷ്‌ടമാകും. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്.

You Might Also Like