അവസാനത്തെ ഡിമാൻഡ് അറിയിച്ച് ദിമിത്രിയോസ്, പരിഗണിക്കാതെ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ഭാവി തുലാസിൽ നിൽക്കുകയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കാൻ തയ്യാറായിട്ടില്ല. താരത്തിന് പുതിയൊരു ഓഫർ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയെങ്കിലും ദിമിത്രിയോസ് അത് പരിഗണിച്ചിട്ടില്ലെന്നും അതിന്റെ കാരണങ്ങളും സ്‌പോർട്ടസ്‌കീഡ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തു.

റിപ്പോർട്ടുകൾ പ്രകാരം ദിമിത്രിയോസിനു കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ആഗ്രഹം. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മുന്നിൽ വെച്ച ഓഫർ പോരെന്നാണ് താരത്തിന്റെ അഭിപ്രായം. ടീമിന് വേണ്ടി താൻ നടത്തുന്ന പ്രകടനം കണക്കാക്കുമ്പോൾ കൂടുതൽ മികച്ച ഓഫർ അർഹിക്കുന്നുണ്ടെന്നും അത് നൽകിയാലേ പുതിയ കരാർ ഒപ്പിടൂവെന്നുമാണ് ദിമിത്രിയോസ് പറയുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ദിമിത്രിയോസ് മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ പതിമൂന്നു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിൽ പങ്കാളിയായി. ഇത്രയും മികച്ച പ്രകടനം നടത്തുന്നതിനാൽ തന്നെ മെച്ചപ്പെട്ട കരാർ താരം അർഹിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.

കൂടുതൽ മെച്ചപ്പെട്ട കരാർ നൽകിയില്ലെങ്കിൽ ദിമിത്രിയോസ് ക്ലബിനൊപ്പം തുടരാൻ യാതൊരു സാധ്യതയുമില്ല. റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഇന്ത്യക്ക് പുറത്തു നിന്നുള്ള നിരവധി ക്ലബുകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. മികച്ച ഓഫർ നൽകി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏതെങ്കിലും ക്ലബുകൾ താരത്തിനെ സ്വന്തമാക്കിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടിയാകും.

You Might Also Like