സിറ്റിക്കെതിരെ മുട്ടുവിറക്കുന്ന ക്വാർട്ടുവ റയലിനു ഭീഷണി

Image 3
Champions LeagueFeaturedFootball

തുടക്കത്തിലെ പരിഭ്രമമെല്ലാം ഒഴിവാക്കി ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തി റയലിന്റെ നിർണായക കളിക്കാരനാകാൻ ബെൽജിയൻ ഗോൾകീപ്പർ ക്വാർട്ടുവക്കു കഴിഞ്ഞു. സീസണിലാകെ 21 ക്ലീൻ ഷീറ്റുകളാണ് താരം റയലിനു വേണ്ടി സ്വന്തമാക്കിയിരിക്കുന്നത്. സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുമ്പോൾ ക്വാർട്ടുവയിൽ റയലിനു പ്രതീക്ഷയുണ്ടെങ്കിലും താരത്തിന്റെ മുൻ റെക്കോർഡുകൾ ആശ്വസിക്കാൻ വകയുള്ളതല്ല.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒരിക്കൽ പോലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ കഴിയാത്ത താരമാണു ക്വാർട്ടുവയെന്നതാണ് റയലിനു വലിയ ഭീഷണി. സിറ്റിക്കെതിരെ ഒൻപതു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകൾ വഴങ്ങിയ താരം ഒരു മത്സരത്തിൽ പോലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാതിരുന്നിട്ടില്ല. റയൽ പ്രതിരോധത്തിൽ റാമോസ് ഇല്ലെന്നത് ബെൽജിയൻ താരത്തിനു കൂടുതൽ തിരിച്ചടിയാണ്

സിറ്റിക്കെതിരായ ഒൻപതു മത്സരങ്ങളിൽ ക്വാർട്ടുവയുടെ ഏറ്റവും മോശം പ്രകടനം 2016ലാണ്. അന്നു അഗ്യൂറോ നേടിയ ഹാട്രിക്കിൽ ചെൽസി 3-0ത്തിനു ജയം നേടിയപ്പോൾ ക്വാർട്ടുവക്ക് ചുവപ്പു കാർഡും ലഭിച്ചു. അതേ സമയം സിറ്റിക്കെതിരെ ചെൽസി 5-1ന്റെ എഫ്എ കപ്പ് വിജയം നേടിയ മത്സരമാണ് ബെൽജിയൻ താരത്തിനു നല്ലൊരു ഓർമയായി ഉണ്ടാവുക.

ചാമ്പ്യൻസ് ലീഗിൽ റയലിനൊപ്പം എട്ടു മത്സരങ്ങളിൽ നിന്നും മൂന്നു ക്ളീൻഷീറ്റുകളാണ് ക്വാർട്ടുവ സ്വന്തമാക്കിയിരിക്കുന്നത്. അറ്റ്ലറ്റികോക്കൊപ്പം അഞ്ച്, ചെൽസിക്കൊപ്പം അഞ്ച് എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു ചാമ്പ്യൻസ് ലീഗ് ക്ലീൻഷീറ്റുകൾ. സിറ്റിയുടെ ആക്രമണ നിരയെ താരത്തിന് ആദ്യമായി തടുക്കാൻ കഴിയുമോയെന്ന് കണ്ടറിയേണ്ടതാണ്.