റയൽ മാഡ്രിഡ്-ലിവർപൂൾ മത്സരത്തിൽ വമ്പൻ പിഴവുകളുമായി ഗോൾകീപ്പർമാർ

ലിവർപൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയം ആരാധകരിൽ ആവേശമുണ്ടാക്കുന്നതായിരുന്നു. രണ്ടു ഗോളുകൾക്ക് ലിവർപൂൾ സ്വന്തം മൈതാനത്ത് മുന്നിൽ നിന്നെങ്കിലും പിന്നീട് അഞ്ചു ഗോളുകളാണ് റയൽ മാഡ്രിഡ് തിരിച്ചടിച്ചത്. ഇതോടെ യൂറോപ്പിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് ഒരിക്കൽ കൂടി ലിവർപൂളിന് മുന്നിൽ തെളിയിക്കാനും റയൽ മാഡ്രിഡിന് കഴിഞ്ഞു.

മത്സരം പതിനാല് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് ലിവർപൂൾ മുന്നിൽ എത്തിയിരുന്നു. ഡാർവിൻ നുനസും സലായുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് ആഞ്ഞടിച്ച റയൽ മാഡ്രിഡ് ശക്തമായി തിരിച്ചു വന്നു. വിനീഷ്യസ് ജൂനിയർ, കരിം ബെൻസിമ എന്നിവർ രണ്ടു ഗോളുകൾ നേടിയപ്പോൾ പ്രതിരോധതാരം എഡർ മിലിറ്റാവോ ഒരു ഗോൾ നേടി.

മത്സരത്തിൽ ഗോൾകീപ്പർമാർ വരുത്തിയ പിഴവുകളാണ് അതിനു ശേഷം വാർത്തകളിൽ നിറയുന്നത്. രണ്ടു ടീമിലെയും ഗോൾകീപ്പർമാർ വരുത്തിയ അബദ്ധങ്ങൾ ഓരോ ഗോളിന് കാരണമായി. സമാനമായ പിഴവുകളാണ് രണ്ടു ഗോൾകീപ്പർമാരും വരുത്തിയത്. പതിനാലാം മിനുട്ടിൽ ഒരു ബാക്ക് പാസ് ഒതുക്കാൻ ക്വാർട്ടുവ പരാജയപ്പെട്ടപ്പോൾ പന്ത് ലഭിച്ച സലാ അനായാസം വല കുലുക്കി.

റയലിന്റെ തിരിച്ചുവരവിന് കാരണമായ ഗോളാണ് അലിസണിന്റെ പിഴവിൽ നിന്നും വന്നത്. ലിവർപൂൾ താരം നൽകിയ ബാക്ക്പാസ് അടിച്ചകറ്റാൻ അലിസൺ ശ്രമിച്ചപ്പോൾ അത് പ്രസ് ചെയ്യാൻ ഓടിയെത്തിയ വിനീഷ്യസിന്റെ ദേഹത്തു കൊണ്ട് വലക്കകത്തേക്ക് കയറി. ആ ഗോളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു പൊരുതിയ റയൽ മാഡ്രിഡ് പിന്നീട് നാല് ഗോളുകൾ കൂടി ലിവർപൂളിന്റെ വലയിൽ അടിച്ചു കയറ്റുകയായിരുന്നു.

മത്സരത്തിൽ വിജയം നേടിയ റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതു പോലെയാണ് നിൽക്കുന്നത്. റയലിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഇത്രയും വലിയൊരു ഗോൾവ്യത്യാസം മറികടക്കാൻ ലിവർപൂളിന് കഴിയാൻ യാതൊരു സാധ്യതയുമില്ല. അതേസമയം വമ്പൻ ജയത്തോടെ ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ റയൽ മാഡ്രിഡ് വർധിപ്പിച്ചിട്ടുണ്ട്.

You Might Also Like