സ്റ്റോണ്‍സ് വെടിക്കെട്ട് സെഞ്ച്വറി, ഹീറോ ഫിനിഷിംഗ്, ചെന്നൈയ്ക്ക് കുഴിമാടമൊരുക്കി ലഖ്‌നൗ അട്ടഹാസം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ത്രില്ലിംഗ് വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. സെഞ്ച്വറിയുമായി മാര്‍ക്കസ് സ്റ്റോണ്‍സ് തകര്‍ത്തടിച്ചപ്പോള്‍ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോല്‍പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ലഖ്‌നൗ മറികടന്നത്.

മുസ്തഫിസുര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സാണ് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുളള സ്റ്റോണ്‍സ് ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തിലും മൂന്നാം പന്തിലും ഫോറും നേടി. മൂന്നാം പന്ത് നോബോള്‍ ആയതിനാല്‍ അംപയര്‍ ഫ്രീഹിറ്റ് വിധിച്ചു. ഈ പന്തിലും ബൗണ്ടറി നേടിയ സ്റ്റോണ്‍സ് ലഖ്‌നൗവിന് ആവേശജയം സമ്മാനിക്കുകയായിരുന്നു.

63 പന്തില്‍ 13 ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 124 റണ്‍സാണ് സ്റ്റോണ്‍സ് നേടിയത്. സ്‌റ്റോണ്‍സിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്. സ്റ്റോണ്‍സിനെ കൂടാതെ 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 34 റണ്‍സെടുത്ത നിക്കോളാസ് പൂരാന്റേയും ആറ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 17 റണ്‍സെടുത്ത ദീപക് ഹൂഡയുടേയും പ്രകടനം ലഖ്‌നൗ വിജയത്തില്‍ നിര്‍ണ്ണായകമായി. ക്വിന്റണ്‍ ഡികോക്ക് (0), കെഎല്‍ രാഹുല്‍ (16), ദേവ്ദത്ത് പടിക്കല്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 27 പന്തില്‍ 66 റണ്‍സടിച്ചു. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ല്‍ എത്തിച്ചു. ലഖ്‌നൗവിനായി യാഷ് താക്കൂറും മൊഹ്‌സിന്‍ ഖാനും മാറ്റ് ഹെന്റിയും ഓരോ വിക്കറ്റെടുത്തു.

 

You Might Also Like