മെസി പോലും ഞെട്ടിപ്പോകും, ഒരു മുന്നേറ്റത്തിൽ നാല് നട്ട്മെഗ് നടത്തി മാഞ്ചസ്റ്റർ സിറ്റി താരം

ഫുട്ബോളിൽ എതിരാളികളെ നാണം കെടുത്തുന്ന സ്‌കില്ലാണ് അവരുടെ കാലുകളുടെ ഇടയിലൂടെ പന്ത് കടത്തി എടുത്തു പോകുന്ന നട്ട്മെഗ് സ്‌കിൽ. ലയണൽ മെസി ഈ സ്‌കിൽ കളിക്കളത്തിൽ പുറത്തെടുക്കുന്നതിൽ വളരെ മുന്നിലാണ്. നിരവധി എതിരാളികൾ മെസിക്ക് മുന്നിൽ ഇതേതുടർന്ന് നിഷ്പ്രഭരായി പോയിട്ടുമുണ്ട്.

അതേസമയം ലയണൽ മെസി പോലും ഞെട്ടിപ്പോകുന്ന നട്ട്മെഗ് സ്‌കില്ലാണ് കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാർഡോ സിൽവ പുറത്തെടുത്തത്. പന്തുമായി നടത്തിയ നീക്കത്തിൽ ഒന്നും രണ്ടുമല്ല, നാല് തവണയാണ് ബയേൺ മ്യൂണിക്ക് താരങ്ങളെ ബെർണാർഡോ സിൽവ നട്ട്മെഗ് ചെയ്‌തത്‌.

ത്രോ ലൈനിനരികിൽ നിന്നും ആദ്യം അൽഫോൻസോ ഡേവീസിനെ നട്ട്മെഗ് ചെയ്‌ത ബെർണാർഡോ സിൽവ അതിനു ശേഷം ഗൊറേറ്റ്സ്കയെയും സമാനമായ രീതിയിൽ നട്ട്മെഗ് ചെയ്‌തു. അതിനു ശേഷം ബോക്‌സിലേക്ക് കുതിച്ച താരത്തിൽ നിന്നും പന്തെടുക്കാൻ അൽഫോൻസോ ഡേവീസ് ശ്രമിക്കുന്നതിനിടെ രണ്ടു തവണ താരത്തെയും സിൽവ നട്ട്മെഗ് ചെയ്‌തു.

ഫുട്ബോളിൽ നട്ട്മെഗ് സ്വാഭാവികമായ ഒന്നാണെങ്കിലും ഒരു നീക്കത്തിനിടെ നാല് തവണ എതിർടീമിലെ താരങ്ങളെ അങ്ങിനെ ചെയ്യുന്നത് വളരെ അപൂർവമായ സംഭവമാണ്. ആ മുന്നേറ്റം ഗോളായി മാറിയിരുന്നെങ്കിൽ സിൽവയുടെ നീക്കം കൂടുതൽ ചർച്ചകൾക്ക് വഴി വെക്കുമായിരുന്നു എന്നുറപ്പാണ്.

മത്സരത്തിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയിരുന്നു. റോഡ്രി, ബെർണാർഡോ സിൽവ, ഏർലിങ് ഹാലാൻഡ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. ഇതോടെ സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് സിറ്റി നിൽക്കുന്നത്.

You Might Also Like