യൂറോപ്പിൽ ബാഴ്‌സലോണ തിരിച്ചു വരുന്നു, എംബാപ്പയെ നിശബ്‌ദനാക്കി പിഎസ്‌ജിയെ കീഴടക്കി

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം യൂറോപ്യൻ പോരാട്ടങ്ങളിൽ വളരെ മോശം പ്രകടനമാണ് ബാഴ്‌സലോണ നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം മികച്ച താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തതും ടീമിലുള്ള താരങ്ങളുടെ പരിക്കുമെല്ലാം ബാഴ്‌സലോണയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ കഥ മാറുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

സമ്മിശ്രമായ ഒരു സീസണിലൂടെയാണ് കടന്നു പോയതെങ്കിലും ഇപ്പോൾ ബാഴ്‌സലോണ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ പിഎസ്‌ജിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിലെ വിജയം അത് തെളിയിക്കുന്നു. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്തി ബാഴ്‌സലോണ അർഹിച്ച വിജയം നേടുകയായിരുന്നു.

ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയിൽ നിന്നും മോചിതരല്ലാത്ത ബാഴ്‌സലോണ അക്കാദമിയിലെ ചെറിയ താരങ്ങളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പരിമിതമായൊരു സ്‌ക്വാഡ് വെച്ച് കിലിയൻ എംബാപ്പയെപ്പോലൊരു ലോകോത്തര സ്‌ട്രൈക്കറെ പൂട്ടിയിടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. രണ്ടു ടീമുകൾക്കും നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂടുതൽ മികച്ച നീക്കങ്ങൾ വന്നത് ബാഴ്‌സലോണയിൽ നിന്നാണ്.

ഈയൊരു മത്സരത്തിന്റെ ഫലം കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന വിശ്വാസം ബാഴ്‌സലോണ ആരാധകർക്ക് പോലും ഉണ്ടായിരിക്കില്ല. പക്ഷെ പ്രതിസന്ധിയിൽ അടിതെറ്റിപ്പോയ ഒരു ടീമിനെയും അവരുടെ പരിമിതമായ ഒരു സ്‌ക്വാഡിനെയും വെച്ച് സാവി ഹെർണാണ്ടസ് കാണിക്കുന്ന മാജിക്ക് അവിശ്വസനീയമാണ്. സെമി ഫൈനലിലേക്ക് മുന്നേറിയില്ലെങ്കിൽ പോലും ബാഴ്‌സലോണ ആരാധകർ ഈ പ്രകടനത്തിൽ വളരെയധികം സംതൃപ്‌തരായിരിക്കും.

You Might Also Like