ജിങ്കന്റെ പകരക്കാരന്‍ അനസോ?, സൂചനകളിങ്ങനെ
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സന്ദേഷ് ജിങ്കന്റെ പകരക്കാരന്‍ ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. റൂമറുകളും മറ്റ് റിപ്പോര്‍ട്ടുകളും അനുസരിച്ച് നാല് താരങ്ങളുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഇതില്‍ ഒരാളായിരിക്കും ജിങ്കന്റെ പകരക്കാരനായി അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ കാണുക എന്നത് ഉറപ്പാണ്.
മലയാളി താരം അനസ് എടത്തൊടിക, എടികെ-മോഹന്‍ ബഗാന്‍ താരങ്ങളായ സുമിത് രതി, സലാം രഞ്ജന്‍, ബ്ലാസ്‌റ്റേഴ്‌സ് യുവതാരം സന്ദീപ് സിംഗ് എന്നിവരുടെ പേരകളാണ് ജിങ്കന്റെ പകരക്കായി പറഞ്ഞ് കേള്‍ക്കുന്നത്.
അനസ് എടത്തൊടിക നിലവില്‍ ഈസ്റ്റ് ബംഗാളുമായാണ് ഈ വര്‍ഷം കരാറൊപ്പിട്ടിരിക്കുന്നത്. എന്നാല്‍ ഐഎസ്എല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ക്ലബ് പ്രതിസന്ധിയിലായതിനാല്‍ അനസ് ഈസ്റ്റ് ബംഗാളില്‍ തുടരുമോയെന്ന് വ്യക്തമല്ല. പല താരങ്ങളുടേയും കരാര്‍ റദ്ദാക്കാന്‍ ഈസ്റ്റ് ബംഗാള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.
ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ താരമായിരുന്ന സലാം രഞ്ജനെ കഴിഞ്ഞ സീസണിലാണ് എടികെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് എടികെയ്ക്കായി രഞ്ജന്‍ കളിച്ചതെങ്കിലും ഇന്ത്യയ്ക്കായി ഇതിനോടകം 11 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. മികച്ച പ്രതിരോധ താരമെന്ന് ഇതിനോടകം തന്നെ പേരെടുത്ത താരമാണ് സാലാം രഞ്ജന്‍ സിംഗ്.
സുമിത് രതിയും എടികെയുടെ പ്രതിരോധം കാത്ത കാവല്‍ക്കാരനാണ്. എടികെയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ സുമിത് കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളില്‍ ഈ മുസഫര്‍ നഗര്‍ സ്വദേശി എടികെയ്ക്കായി ബൂട്ടണിഞ്ഞിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് 24കാരനായ സന്ദീപ് സിംഗ്. കഴിഞ്ഞ ജനുവരിയിലാണ് സന്ദീപിനെ ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനായി കൊച്ചിയിലെത്തിച്ചത്. ഐഎസ്എല്ലില്‍ അധികം അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഒരുപക്ഷെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട് ഈ യുവതാരം ആയേക്കാം. പ്രതിരോധ നിരയിലെ കഠിനാധ്വാനിയാണ് സന്ദീപ് സിംഗ്.
2018-19 സീസണില്‍ എടികെയില്‍ കളിച്ചതാണ് സന്ദീപ് സിംഗിന് ആകെയുളള ഐഎസ്എല്‍ അനുഭവം. ഒരു മത്സരം മാത്രമാണ് താരം കൊല്‍ക്കത്തന്‍ ടീമിനായി പന്ത് തട്ടിയത്. എന്നാല്‍ സീസണിന് ഒടുവില്‍ ഐലീഗ് രണ്ടാം ഡിവിഷനില്‍ നിന്ന് ഉയര്‍ന്ന് വന്ന ട്രായുവിലേക്ക് സന്ദീപ് കൂടുമാറി. ട്രായുവില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ 24കാരന്‍ കാഴ്ച്ചവച്ചത്. 10 മത്സരങ്ങലില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ഈ പ്രതിരോധ താരം ലീഗില്‍ ട്രായുവിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുംവഹിച്ചു. തുടര്‍ന്നാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.