അൽവാരോ വാസ്‌ക്വസ് സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ റദ്ദാക്കി, അടുത്ത ലക്‌ഷ്യം കേരള ബ്ലാസ്റ്റേഴ്‌സോ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്ന അൽവാരോ വാസ്‌ക്വസ് കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ റദ്ദാക്കി. സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ പൊൻഫെർഡിനയുമായുള്ള കരാറാണ് താരം റദ്ദാക്കിയത്. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തേടുന്നതിനിടെയാണ് അൽവാരോ തന്റെ ക്ലബ് വിടുന്നതെന്ന് ശ്രദ്ധേയമാണ്.

അഡ്രിയാൻ ലൂനക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് അൽവാരോ വാസ്‌ക്വസ്. ആദ്യത്തെ സീസണിൽ ക്ലബ്ബിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. എന്നാൽ ആ സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട അൽവാരോ എഫ്‌സി ഗോവയിലേക്ക് ചേക്കേറി.

എന്നാൽ എഫ്‌സി ഗോവക്കൊപ്പം തന്റെ മികച്ച പ്രകടനം ആവർത്തിക്കാൻ അൽവാരോക്ക് കഴിഞ്ഞില്ല. അതിനെ തുടർന്ന് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ താരം ഐഎസ്എൽ വിട്ടു സ്പൈനിലേക്ക് തിരിച്ചു പോയി. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരണമെന്ന് അൽവാരോ വാസ്‌ക്വസ് വളരെയധികം ആഗ്രഹിച്ചിരുന്നു എങ്കിലും അതിനുള്ള സാധ്യതകൾ ഇല്ലായിരുന്നു.

എന്നാൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ താരം തിരിച്ചെത്താനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ലൂണക്ക് പകരക്കാരനായി ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന, ടീമുമായി ഒത്തിണക്കമുള്ള ഒരു താരത്തെയാണ് വേണ്ടതെന്ന് ഇവാൻ പറഞ്ഞിരുന്നു. ഈ പ്രൊഫൈലിൽ വരുന്ന കളിക്കാരനാണ് അൽവാരോ എങ്കിലും ലൂണയെപ്പോലെ ഒരു മിഡ്‌ഫീൽഡറല്ല സ്‌പാനിഷ്‌ താരം.

അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിട്ട് താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം മറ്റേതെങ്കിലും ഐഎസ്എൽ ക്ലബിലേക്കും താരം ചേക്കേറാൻ സാധ്യതയുണ്ട്.

You Might Also Like