റോക്കയെ കോച്ചായി പ്രഖ്യാപിച്ച് സാക്ഷാല്‍ ബാഴ്‌സ, ഹൈദരാബാദിനോട് നന്ദി പറഞ്ഞ് സ്പാനിഷ് വമ്പന്‍മാര്

Image 3
FootballISLLa Liga

ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സിയുടെ മുന്നൊരുക്കങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കി അവരുടെ സ്പാനിഷ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക ക്ലബ് വിട്ടു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സയുടെ ഫിറ്റ്‌നസ് കോച്ചായാണ് ആല്‍ബര്‍ട്ട് റോക്ക പുതിയ ചുമതല ഏറ്റിരിക്കുന്നത്. ബാഴ്‌സലോണയുടെ പരിശീലകനായി റോക്കയെ വിട്ടുനല്‍കുന്നതില്‍ ടീം അഭിമാനിക്കുന്നതായി ഹൈദരാബാദ് എഫ്‌സി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

റോക്കയെ വിട്ടുനല്‍കിയതിന് ഹൈദരാബാദ് എഫ്‌സിയ്ക്ക നന്ദി പറഞ്ഞ് ബാഴ്‌സലോണയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഹൈദരാബാദ് എഫ്‌സിയെ പേരെടുത്ത് പറഞ്ഞ് ബാഴ്‌സലോണ നന്ദി അറിയിച്ചത്. ഹൈദരാബാദുമായി രണ്ട് വര്‍ഷത്തെ കരാറുളള പരിശീലകനാണ് ആല്‍ബര്‍ട്ട് റോക്ക.

ബാഴ്‌സയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ പരിശീലക സംഘത്തിലാണ് റോക്ക ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വന്‍ പ്രതീക്ഷയോടെ റോക്കയെ ഹൈദരാബാദ് നിയമിച്ചത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഹൈദരാബാദിന്റെ പരിശീലകനായി റോക്ക ചുമതലയേറ്റത്.

മുന്‍പ് അഞ്ച് വര്‍ഷത്തോളം ബാഴ്സയുടെ ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുളള കോച്ചാണ് റോക്ക. ബംഗളൂരു എഫ്സിയുടെ പരിശീലകനായി എത്തി ടീമിനെ മുന്‍നിരക്ലബാക്കി മാറ്റിയതോടെയാണ് റോക്ക ഇന്ത്യയില്‍ ശ്രദ്ധേയനായത്.