ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുത്ത്, ടീമിലെ താരങ്ങൾ മാനസികമായി ഒരുങ്ങിയെന്ന് മൊഹമ്മദ് അയ്‌മൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതും. സീസണിൽ മികച്ച തുടക്കം ലഭിക്കുകയും ആദ്യപകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു വരികയും ചെയ്‌ത ടീമിപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫോം ഇല്ലാതാവാൻ കാരണമെന്നത് വ്യക്തമാണ്. ആദ്യപകുതിയിലെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചത്.

നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കിന്റെ പിടിയിലുള്ള നിരവധി താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഒഡിഷ എഫ്‌സിക്ക് അവരുടെ പ്രധാന താരങ്ങളെല്ലാം ലഭ്യമാണ്. എങ്കിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം നേടാമെന്ന പ്രതീക്ഷ ടീമിനുണ്ട്. കഴിഞ്ഞ ദിവസം ടീമിന്റെ താരമായ മൊഹമ്മദ് അയ്‌മനും ഇതാണ് സൂചിപ്പിച്ചത്.

“ടീമിലെ താരങ്ങളുടെ മാനസികാവസ്ഥയെല്ലാം വളരെ പോസിറ്റിവാണ്. ഇത് പ്ലേ ഓഫ് മത്സരമാണെന്നതിനാൽ തന്നെ ഒരു കളി മാത്രമേയുണ്ടാകൂ. അതിൽ ഞങ്ങൾക്ക് വിജയം നേടണം. ഞങ്ങളതിനു വേണ്ടി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്.” ഇന്നലെ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൊഹമ്മദ് അയ്‌മൻ പറഞ്ഞു.

പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട പ്രതീക്ഷ പരിശീലകൻ ഇവാൻ വുകോമനോവിച്ചിൽ തന്നെയാണ്. ആദ്യത്തെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ മത്സരത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സ് പുറത്താകാൻ കാരണം. ഇത്തവണ ഇവാന് ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിക്കാൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

You Might Also Like