“ലൂണ മികച്ച താരം മാത്രമല്ല, യഥാർത്ഥ നായകൻ കൂടിയാണ്”- പ്രശംസയുമായി ഗോവ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിൽ ഇന്ന് രാത്രി നടക്കാനിരിക്കുന്ന പോരാട്ടത്തെ ആരാധകർ ആകാംക്ഷയോടെയാണ് സമീപിക്കുന്നത്. ഈ സീസനിലിതു വരെ എട്ടു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ടു മത്സരങ്ങൾ മാത്രമാണ് എതിരാളികളുടെ മൈതാനത്ത് കളിച്ചിട്ടുള്ളത്. സീസണിലെ ഒരേയൊരു തോൽവി എവേ ഗ്രൗണ്ടിൽ വഴങ്ങിയതിനാൽ തന്നെ ഇന്നു നടക്കുന്ന മൂന്നാമത്തെ എവേ മത്സരം വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കുന്തമുനയെന്നു വിളിക്കാൻ കഴിയുന്ന താരം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയാണ്. ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് താരം ടീമിനായി ഗോൾ നേടുകയോ ഗോളിനു വഴിയൊരുക്കുകയോ ചെയ്യാതിരുന്നിട്ടുള്ളത്. നായകനായതിനു ശേഷം കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന താരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ വെക്കുമ്പോൾ എഫ്‌സി ഗോവയുടെ പരിശീലകനും ലൂണയെ പ്രശംസിച്ച് രംഗത്തു വരികയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സിന്റെ നായകനായ അഡ്രിയാൻ ലൂണ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാളാണെന്നാണ് ഞാൻ കരുതുന്നത്. എല്ലാം കൊണ്ടും പൂർണതയിലെത്തിയ താരമാണ് അദ്ദേഹം. ആക്രമണത്തിൽ മാത്രമല്ല, കളിക്കളത്തിലും പുറത്തും അദ്ദേഹം ഒരു യഥാർത്ഥ നായകനായി തുടരുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗോവ പരിശീലകൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനത്തിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ അതിലെല്ലാം അഡ്രിയാൻ ലൂണ മുന്നിൽ തന്നെയുണ്ടാകും. അതുകൊണ്ടു തന്നെ ഗോവക്കെതിരെയും ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

You Might Also Like