പ്ലേ ഓഫില്‍ കയറാനല്ല, ആത്മാഭിമാനത്തിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്, തുറന്നടിച്ച് കോഹ്ലി

Image 3
CricketCricket News

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പഞ്ചാബിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ 60 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഇതോടെ പ്ലേ ഓഫില്‍ പ്രവേശിക്കാനുളള നേരിയ സാധ്യത ആര്‍സിബി ഇപ്പോഴും കാത്ത് വെച്ചിരിക്കുകയാണ്.

അതെസമയം പ്ലേ ഓഫ് യോഗ്യത ലക്ഷ്യം വെച്ചല്ല കളിക്കുന്നതെന്നും അത് തങ്ങളുടെ കയ്യില്‍ അല്ലെന്നും മറ്റു ടീമുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നും വിരാട് കോഹ്ലി പറയുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കോഹ്ലി. പ്ലേ ഓഫ് യോഗ്യത നേടുമോയെന്ന കാര്യം അലട്ടുന്നില്ലെന്നും നിലവില്‍ ആര്‍സിബി കളിക്കുന്നത് ആത്മാഭിമാനത്തിനു വേണ്ടിയാണ് എന്നും കോഹ്ലി പറഞ്ഞു.

‘എനിക്കും ടീമിനും വേണ്ടിയുള്ള സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു വലിയ ടൂര്‍ണമെന്റിലൂടെ കടന്നുപോകാനുള്ള ഏക മാര്‍ഗം നമ്മള്‍ സ്വയം സത്യസന്ധത പുലര്‍ത്തുക എന്നതാണ്. ഞങ്ങള്‍ക്ക് ചില തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് പരിഹരിക്കാനുളള ചില നീക്കങ്ങള്‍ നടത്തിയിരുന്നു’ കോഹ്ലി പറഞ്ഞു.

ഇനി ഞങ്ങള്‍ അവസാന രണ്ട് മത്സരം ജയിച്ചാലും യോഗ്യത നേടുക എന്നത് ഞങ്ങളുടെ കയ്യില്‍ അല്ല. അത് പല ഘടകങ്ങളും ആശ്രയിച്ചാണ്. ഇപ്പോള്‍ പ്ലേ ഓഫിനായല്ല കളിക്കുന്നത്. ഞങ്ങളുടെ ആത്മാഭിമാനത്തിനായാണ് ഞങ്ങള്‍ കളിക്കുന്നത്. ഞങ്ങളെ പിന്തുണക്കുന്ന ഞങ്ങളുടെ ആരാധകരെ നിരാശരാക്കാന്‍ കഴിയില്ല.’ കോഹ്ലി പറഞ്ഞു.