ഇനി മഴ പെയ്താല്‍ കോഹ്ലി കരയും, സഞ്ജു ചിരിയ്ക്കും, രാജസ്ഥാന്‍ ക്വാളിഫയറിലെത്തും

Image 3
CricketCricket NewsFeatured

ഐപിഎല്ലില്‍ പ്ലേ ഓഫ് ലൈനപ്പ് തെളിഞ്ഞിരിക്കുകയാണല്ലോ. 10 ടീമുകള്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ പോരാട്ടത്തിന് ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നി ടീമുകളാണ് പ്ലേ ഓഫില്‍ കടന്നിരിക്കുന്നത്.

ടൂര്‍ണമെന്റ് അവസാന ലാപ്പിലേക്ക് എത്തിയപ്പോള്‍ മഴയെ തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചത് പല ടീമുകള്‍ക്കും തിരിച്ചടിയായിരുന്നു. അവസാന എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

മഴ മത്സരങ്ങള്‍ തടസപ്പെടുത്താതിരിക്കാന്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിങ്ങനെ നാല് പ്ലേഓഫ് മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ദിനവും മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?.

പ്ലേഓഫ് മത്സരം ഷെഡ്യൂള്‍ ചെയ്ത തീയതിയിലും റിസര്‍വ് ദിനത്തിലും ഉപേക്ഷിക്കുകയാണെങ്കില്‍, ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയിലെ ടീമിന്റെ സ്ഥാനം അനുസരിച്ച് അടുത്ത റൗണ്ടിലേക്കുളള യോഗ്യത നിര്‍ണയിക്കും.

പ്ലേഓഫ് മത്സരങ്ങള്‍ വൈകിയാല്‍ ഗെയിം പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് (രണ്ട് മണിക്കൂര്‍) അധികമായി അനുവദിക്കും. നേരത്തെ ഇത് ഒരുമണിക്കൂറായിരുന്നു.

പ്ലേ ഓഫ് മത്സരം സമനിലയിലാകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍, വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കളിക്കും. സൂപ്പര്‍ ഓവറും ടൈ ആവുകയോ സമയ പരിമിതി മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീം ഫൈനലിന് യോഗ്യത നേടും. ഇനി ഫൈനല്‍ മത്സരവും മഴയെടുത്താല്‍ അവിടെയും സൂപ്പര്‍ ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീമിനെ ജേതാക്കളായി പ്രഖ്യാപിക്കും