ഗോൾഡൻ ബൂട്ട് ജേതാവ് ഇനി ബ്ലാസ്റ്റേഴ്‌സിലില്ല, ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച് ദിമിത്രിയോസ്

Image 3
FeaturedISL

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരവും ഈ സീസണിൽ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് വിന്നറുമായ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് തീർച്ചയായി. കുറച്ചു മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ട പോസ്റ്റിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു താരം പ്രഖ്യാപനം നടത്തി.

ഈ സീസണോടെ കരാർ അവസാനിച്ച ദിമിത്രിയോസിനെ നിലനിർത്താൻ ആരാധകർ ശക്തമായി ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു. മികച്ച സ്‌ട്രൈക്കർമാരെ കൈവിടുന്ന പതിവുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആ തെറ്റ് വീണ്ടും ആവർത്തിക്കരുതെന്ന് നിരവധിയാളുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരത്തെക്കൂടി നിലനിർത്താൻ ക്ലബിന് കഴിഞ്ഞില്ല.

തന്റെ സന്ദേശത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകപ്പടയായ മഞ്ഞപ്പടക്കാണ് ദിമിത്രിയോസ് പ്രധാനമായും നന്ദി പറയുന്നത്. മറ്റൊരു ക്ലബിലും ലഭിച്ചിട്ടില്ലാത്ത പിന്തുണയാണ് തുടക്കം മുതൽ തനിക്ക് കേരളത്തിൽ നിന്നും ലഭിച്ചതെന്നും രണ്ടു വർഷത്തെ അനുഭവങ്ങളെ എങ്ങിനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും പറഞ്ഞ ദിമിത്രിയോസ് ആരാധകർക്ക് ആശംസകളും നേരുകയുണ്ടായി.

കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയ ദിമിത്രിയോസ് ഈ സീസണിൽ പതിമൂന്നു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. ഓരോ സീസൺ കഴിയുന്തോറും പ്രകടനം മെച്ചപ്പെട്ടു വരുന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കൈവിട്ടതെന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. ദിമി മറ്റേതെങ്കിലും ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി തന്നെയാണ്.