ഐപിഎല്‍ കണ്ട് ലഡുപൊട്ടി, ഓസീസ് ലോകകപ്പ് ടീമിലേക്ക് സര്‍പ്രൈസ് താരം കൂടി

Image 3
CricketCricket News

ടി20 ലോകകപ്പിനുളള ഓസ്‌ട്രേലിയന്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ട് താരങ്ങളെ കൂടി ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ട്രാവലിങ് റിസര്‍വ് താരങ്ങളായി ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാത്യു ഷോര്‍ട്ട് എന്നിവരെയാണ് ഓസീസ് ടീമിലേക്ക് പരിഗണിക്കുന്നത്.

ഷോര്‍ട്ടിനെ നേരത്തെ തന്നെ ട്രാവലിങ് റിസര്‍വായി തീരുമാനിച്ചിരുന്നു. ഒരു താരം മാത്രം മതി പകരക്കാരനാവാന്‍ എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീടാണ് ഐപില്ലില്‍ തകര്‍ത്തിടിച്ച മക്ഗുര്‍കിനെ കൂടി റിസര്‍വാക്കാന്‍ തീരുമാനം എടുത്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നും ഫോമിലാണ് മക്ഗുര്‍ക് ബാറ്റ് വീശിയത്. ടീം പ്ലേ ഓഫിലേക്ക് എത്തിയില്ലെങ്കിലും താരത്തിന്റെ ബാറ്റിങ് ശ്രദ്ധിക്കപ്പെട്ടു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കാന്‍ താരത്തിനു സാധിച്ചു.

ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഓസീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ്, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നില്‍ക്കുന്നതിനാല്‍ 22കാരനായ മക്ഗുര്‍കിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം ഇനിയും നീളും. ലോകകപ്പിനിടെ ആര്‍ക്കെക്കെങ്കിലും പരിക്കേറ്റാല്‍ ട്രാവലിങ് റിസര്‍വ് താരങ്ങള്‍ക്കായിരിക്കും പകരക്കാരനായി അവസരം കിട്ടുക.

ബാറ്റിങ് ഓള്‍ റൗണ്ടറായ മാത്യു ഷോര്‍ട്ട് ഓസീസ് ഏറ്റവും അവസാനം കളിച്ച 14 ടി20 പോരാട്ടങ്ങളില്‍ ഒന്‍പതിലും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ട താരമാണ്. അഞ്ച് കളികളില്‍ താരം ഓപ്പണറായി. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം ബിഗ് ബാഷ് ലീഗിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്കയും വെസ്റ്റിന്‍ഡീസിലുമായാണ് ഇത്തവണ പുരുഷ ടി20 ലോകകപ്പ് പോരാട്ടം. ജൂണ്‍ അഞ്ചിനു ബാര്‍ബഡോസില്‍ ഒമാനെതിരെയാണ് ഓസ്ട്രലിയയുടെ ആദ്യ പോരാട്ടം.