Tag Archive: Wojciech Szczesny

  1. മെസി എവിടേക്ക് ഷൂട്ട് ചെയ്യുമെന്ന് നേരത്തെ അറിയാമായിരുന്നു, പോളണ്ട് കീപ്പർ പറയുന്നു

    Leave a Comment

    അർജന്റീനയും പോളണ്ടും തമ്മിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ആരാധകർക്ക് ആശങ്ക നൽകിയാണ് ആദ്യ പകുതിയിൽ ലയണൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയത്. മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ലോകകപ്പിൽ നിന്നും പുറത്തു പോയേക്കുമെന്ന സാഹചര്യത്തിൽ ലഭിച്ച നിർണായകമായ പെനാൽറ്റിയാണ് മെസി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടത്. നിർണായകമായ പെനാൽറ്റി തടഞ്ഞിട്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹീറോയായി മാറിയത് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നിയായിരുന്നു. സൗദി അറേബ്യക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ നിർണായകമായ പെനാൽറ്റി തടഞ്ഞിട്ട യുവന്റസ് ഗോൾകീപ്പർ അർജന്റീനക്കെതിരെയും അതാവർത്തിച്ചു.

    ആ പെനാൽറ്റി തടുത്തതിനെ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പോളണ്ട് ഗോൾകീപ്പർ. മെസി എങ്ങോട്ടാണ് ഷൂട്ട് ചെയ്യുകയെന്നു തനിക്കറിയാമായിരുന്നു എന്നാണു താരം പറയുന്നത്.  “ഇപ്പോൾ എനിക്കു പറയാം മെസി എവിടേക്കാവും ഷൂട്ട് ചെയ്യുകയെന്ന് എനിക്കറിയാമായിരുന്നുവെന്ന്, എന്നാൽ ആ സമയത്ത് അതിൽ ഉറപ്പില്ലായിരുന്നു. ചില പെനാൽറ്റികളിൽ ലിയോ ഗോൾകീപ്പറെ നോക്കി ഷൂട്ട്‌ ചെയ്യുമ്പോൾ മറ്റു ചിലതിൽ വളരെ ശക്തമായി അടിക്കുകയാണ് ചെയ്യാറുള്ളത്.”

    “താരം ശക്തമായതാണ് അടിക്കുകയെങ്കിൽ അത് ഇടതു ഭാഗത്തേക്കായിരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് എനിക്കറിയാമായിരുന്നു. താരം പതുക്കെയടിക്കാൻ മുതിരുന്നില്ലെന്ന് തോന്നി, ഞാനത് മനസിലാക്കി, ശ്രമിച്ചു, തടുത്തു. അതെനിക്ക് സന്തോഷകരമായ അനുഭവവും സംതൃപ്‌തിയും നൽകി. ടീമിനോട് ഞാൻ കടപ്പെട്ടിരുന്ന കാര്യമായിരുന്നു അത്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പോളിഷ് താരം പറഞ്ഞു. മെസിയുടെ പെനാൽറ്റി തടുക്കാൻ ഭാഗ്യം കൂടി വേണമെന്നും താരം പറഞ്ഞു.

    പെനാൽറ്റി നൽകിയ തീരുമാനം തെറ്റാണെന്നു കരുതുന്നുവെന്നാണ് പോളണ്ട് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. മെസിയുടെ മുഖത്ത് താൻ തൊട്ടുവെന്നും എങ്കിലും അതൊരു പെനാൽട്ടിയല്ലെന്നു കരുതുന്നുവെന്നും താൻ അപ്പോൾ തന്നെ റഫറിയോടു പറഞ്ഞുവെന്നും എന്നാൽ അദ്ദേഹം അതിനു എതിരായാണ് വിധിച്ചതെന്നും ഷെസ്‌നി പറയുന്നു. അതിൽ യാതൊരു പരാതിയുമില്ലെന്നും അതെനിക്ക് തടുക്കാൻ കഴിഞ്ഞുവെന്നും യുവന്റസ് താരം കൂട്ടിച്ചേർത്തു.

    അർജന്റീനയോട് തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാർട്ടറിലേക്ക് ചേക്കേറിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ ഫ്രാൻസാണ് അവരുടെ എതിരാളികൾ. ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാൻസിനെതിരെ പോളണ്ട് വിജയിക്കാൻ സാധ്യതയില്ലെങ്കിലും പൊരുതാൻ തന്നെയായിരിക്കും ടീമിന്റെ തീരുമാനം.

  2. മത്സരത്തിനിടെ മെസിയോട് ബെറ്റു വെച്ചു തോറ്റു, പോളണ്ട് ഗോൾകീപ്പർ പറയുന്നു

    Leave a Comment

    ഒട്ടനവധി നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് അർജന്റീനയും പോളണ്ടും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരം കടന്നു പോയത്. ഒരു സമനില പോലും അർജന്റീനയുടെ നോക്ക്ഔട്ട് സാധ്യതകൾ ഇല്ലാതാക്കുമെന്നിരിക്കെ ആദ്യപകുതിയിൽ ലഭിച്ച ഒരു പെനാൽറ്റി ലയണൽ മെസി തുലച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് വിജയം നേടാനും ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനും ടീമിന് കഴിഞ്ഞു. മത്സരം തോറ്റെങ്കിലും മെക്‌സിക്കോയെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് പോളണ്ടും ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

    അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് അനുകൂലമായി വിധിച്ച പെനാൽറ്റിയുമായി ബന്ധപ്പെട്ട് രസകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി. ഒരു പന്ത് കുത്തിയകറ്റാനുള്ള ശ്രമത്തിനിടെ ലയണൽ മെസിയെ ഗോൾകീപ്പർ ഫൗൾ ചെയ്‌തതിനാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി പെനാൽറ്റി അനുവദിച്ചത്. റഫറി ആ തീരുമാനം എടുക്കുന്നതിനു മുൻപ് അത് പെനാൽറ്റി നൽകില്ലെന്നു പറഞ്ഞ് മെസിയോട് ബെറ്റു വെച്ചിരുന്നുവെന്നാണ് ഷെസ്‌നി പറയുന്നത്. എന്നാൽ റഫറി പെനാൽറ്റി അനുവദിച്ചതോടെ താരം അതിൽ തോൽക്കുകയും ചെയ്‌തു.

    “പെനാൽറ്റിക്ക് മുൻപ് ഞങ്ങൾ സംസാരിച്ചപ്പോൾ അത് അനുവദിക്കില്ലെന്നു പറഞ്ഞ് നൂറു യൂറോക്ക് ബെറ്റ് വെച്ചിരുന്നു. മെസിയോടുള്ള ബെറ്റിൽ ഞാൻ തോറ്റിരിക്കയാണിപ്പോൾ. ലോകകപ്പിൽ അത് അനുവദനീയമാണോ എന്നെനിക്കറിയില്ല, എനിക്ക് വിലക്കു വന്നാലും ഇപ്പോൾ ഞാനത് കാര്യമാക്കുന്നില്ല. മെസിക്ക് ഞാനാ പണം നൽകാനും പോകുന്നില്ല. വേണ്ടത്ര സമ്പാദ്യമുള്ള താരം ഒരു നൂറു ഡോളറിനെ കാര്യമാക്കില്ലെന്നുറപ്പാണ്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പോളണ്ട് ഗോൾകീപ്പർ പറഞ്ഞു.

    അതേസമയം ലയണൽ മെസിയുടെ പെനാൽറ്റി മനോഹരമായി തടുത്തിടാൻ യുവന്റസ് ഗോൾകീപ്പർ കൂടിയായ ഷെസ്‌നിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയും താരം പെനാൽറ്റി തടുത്തിരുന്നു. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അതിന്റെ ക്ഷീണം മറികടന്ന അർജന്റീന വിജയം നേടുകയായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ അർജന്റീന പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ പോളണ്ടിന് കഴിഞ്ഞ തവണത്തെ ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസാണ് എതിരാളികൾ.

  3. ‘റൊണാൾഡൊയുണ്ട് സൂക്ഷിക്കുക’, ലിയോണിന് മുന്നറിയിപ്പുമായി യുവന്റസ് ഗോൾകീപ്പർ

    Leave a Comment

    ചാമ്പ്യൻസ്‌ലീഗ്  മത്സരങ്ങൾക്ക് മുന്നോടിയായി  എതിരാളികൾക്ക്  മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസ് ഗോൾകീപ്പറായ വോയ്‌ചെക് ഷെസ്നി.  ക്രിസ്ത്യാനോ  റൊണാൾഡൊയുടെ മികവിൽ മറ്റൊരു  ചാമ്പ്യൻസ്‌ലീഗ് തിരിച്ചുവരവിനൊരുങ്ങുകയാണ് യുവന്റസെന്നാണ് ഷെസ്നി ലിയോണിന് മുന്നറിയിപ്പ് കൊടുക്കുന്നത്.

    വരുന്ന വെള്ളിയാഴ്ച ചാമ്പ്യൻസ് ലീഗിൽ യുവന്റസിനു   ഒളിമ്പിക് ലിയോണൈസുമായി സ്വന്തം തട്ടകത്തിൽ വെച്ചാണ് പ്രീക്വാർട്ടർ രണ്ടാം പാദമത്സരം നടക്കുന്നത്. ആദ്യ പാദത്തിൽ ലിയോൺ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനു  യുവന്റസിനെ തകർത്തിരുന്നു. ഇതിനെതിരെ മികച്ച  തിരിച്ചു വരവിനാണ് യുവന്റസ്  ഒരുങ്ങുന്നത്. ഗോളാടിയന്ത്രമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അത്ലറ്റികോക്കെതിരെ അടിച്ചത് പോലെയുള്ള ഹാട്രിക്ക് പ്രതീക്ഷിക്കാമെന്നാണ് ഷെസ്നി മുന്നറിയിപ്പ് നൽകുന്നത്.

    “എന്റെ ടീം റെഡിയാണ്, കഴിഞ്ഞ വർഷത്തെ അത്ലറ്റിക്കോക്കെതിരെയുള്ള മത്സരത്തിനു സമാനമായ സാഹചര്യമാണ് നിലവിലുള്ളത്, ഞങ്ങൾക്കത് ഈ വർഷവും സാധിക്കും. മറ്റൊരു റൊണാൾഡോ ഹാട്രിക്? ക്രിസ്ത്യാനോക്കത് സാധിക്കുമെന്ന് ലോകത്തിലാർക്കും സംശയമില്ലാത്ത ഒന്നാണ്. നിർണായകമായ സമയത്ത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് അദ്ദേഹത്തിൽ കാണാൻ കഴിയും.”

    “മറ്റൊരു മഹാത്ഭുതത്തിനു അദ്ദേഹം തയ്യാറാണ്. സുപ്രധാനമായ ഒരു ലക്ഷ്യത്തിനു വേണ്ടിയാണു ഞങ്ങൾ കളിക്കാനിറങ്ങുന്നത്. പ്രചോദനം ലഭിക്കാൻ അത്ര ബുദ്ദിമുട്ടില്ല. ഞങ്ങൾ ഏകാഗ്രരാണ്. ലിയോൺ ആരോഗ്യപരമായി നല്ല നിലയിലാണുള്ളത്. ഞങ്ങളും കളിക്കുന്നതിനു തയ്യാറാണ്. നമുക്ക് കാണാം ആരാണ് ക്വാർട്ടർ ഫൈനലിലെത്തുക എന്നത്.” മികച്ച ഗോൾകീപ്പർക്കുള്ള സീരി എ അവാർഡ് നേടിയ ഷെസ്നി വ്യക്‌തമാക്കി.