ബ്രസീലിനെ ഞാൻ ഉപേക്ഷിക്കുന്നു, കോപ്പ അമേരിക്കയിലെ ഒരു മത്സരവും കാണില്ലെന്ന് റൊണാൾഡീന്യോ

Image 3
Copa America

കഴിഞ്ഞ കോപ്പ അമേരിക്ക, ലോകകപ്പ് ടൂർണമെന്റുകളിൽ കിരീടം നേടാനാവാതെ ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന് തയ്യാറെടുക്കുമ്പോൾ അവർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഇതിഹാസതാരം റൊണാൾഡീന്യോ. കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ഒരു മത്സരം പോലും താൻ കാണില്ലെന്നാണ് കഴിഞ്ഞ ദിവസം റൊണാൾഡീന്യോ പറഞ്ഞത്.

കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ടീമിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റൊണാൾഡീന്യോ രൂക്ഷമായ പ്രതികരണം നടത്തിയത്. “ബ്രസീലിനു എല്ലാം നഷ്ടമായിരിക്കുന്നു. ഞാൻ അവരുടെ ഒരു മത്സരം പോലും കാണില്ല. ദൃഢനിശ്ചയം, സന്തോഷം, മികച്ച പ്രകടനം എല്ലാം അവർക്ക് നഷ്‌ടമായി. ഞാൻ ബ്രസീലിനെ ഉപേക്ഷിക്കാൻ പോവുകയാണ്.” റൊണാൾഡീന്യോ പറഞ്ഞു.

റൊണാൾഡീന്യോയുടെ രോഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും സമീപകാലത്തായി ബ്രസീലിന്റെ ഫോമിൽ ഇടിവ് വന്നിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. 2002ൽ ലോകകപ്പ് വിജയിച്ചതിനു ശേഷം പിന്നീട് ഒരു ലോകകപ്പിൽ പോലും ഫൈനൽ കളിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം നിരവധി പരിശീലകരെയും അവർ പരീക്ഷിച്ചിരുന്നു.

റൊണാൾഡീന്യോയുടെ അഭിപ്രായം ഇങ്ങനെയൊക്കെയാണെങ്കിലും യുവതാരങ്ങളുടെ കരുത്തിൽ ഇറങ്ങുന്ന ബ്രസീലിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. റയൽ മാഡ്രിഡിൽ നടത്തുന്ന പ്രകടനം ആവർത്തിക്കാൻ വിനീഷ്യസ്, റോഡ്രിഗോ സഖ്യത്തിന് കഴിയുന്നില്ലെന്നത് മാത്രമാണ് അവരുടെ ആശങ്ക. അതിനു പുറമെ വലിയൊരു മാറ്റത്തിന് ടീം വിധേയമായിക്കൊണ്ടിരിക്കുന്നതും പരിഗണിക്കേണ്ട കാര്യമാണ്.