അഫ്ഗാൻ ടീമിന്റെ ‘ഹോം’ ഗ്രൗണ്ട് ഇനി ഇന്ത്യയിൽ; നിർണായക തീരുമാനവുമായി ബിസിസിഐ

Image 3
CricketCricket NewsTeam India

അഫ്ഗാനിസ്ഥാൻ ടീമിന്റെ ഹോം വേദിയായി ഗ്രേറ്റർ നോയ്ഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്പോർട്സ് കോംപ്ലക്സ് പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ-ഓഗസ്റ്റ് കാലയളവിൽ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരക്ക് വേണ്ടിയാണ് നടപടി. 2020-ൽ ഇന്ത്യയിൽ കളിച്ചതിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്ഗാൻ ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ തിരിച്ചെത്തുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ജൂലൈ 25 നും ഓഗസ്റ്റ് 6 നുമിടയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളും പരമ്പരയിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ് ജൂലൈ 22-ന് ന്യൂഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലെത്തും, അവരുടെ ആദ്യ ഏകദിനത്തിന് മുൻപായി പരിശീലനത്തിന് ഒരു ചെറിയ സമയം അനുവദിക്കപ്പെടും.

2017-ൽ അയർലൻഡിനെതിരെ ഏകദിന മത്സരം കളിച്ച അഫ്ഗാനിസ്ഥാന് ഇത് ഗ്രേറ്റർ നോയിഡയിലെ ആദ്യ മത്സരമല്ല. 2015 ഡിസംബറിൽ തന്നെ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പതിക് സ്‌പോർട്‌സ് കോംപ്ലക്‌സിനെ അഫ്ഗാന്റെ ഹോം ഗ്രൗണ്ടായി പ്രഖ്യാപിച്ച് ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. തുടർന്ന്, അഫ്ഗാനിസ്ഥാൻ ഡെറാഡൂണിലും ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലും ഗ്രേറ്റർ നോയ്ഡയിലും ‘ഹോം’ മത്സരങ്ങൾ നടത്തി. ഗ്രേറ്റർ നോയിഡ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 11ൽ എട്ട് മത്സരങ്ങളും അഫ്ഗാനിസ്ഥാൻ വിജയിച്ചിട്ടുമുണ്ട്.


2021 ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് അഫ്ഗാനിസ്ഥാൻ ‘ഹോം’ മത്സരങ്ങൾ നടത്തിയിരുന്നത്. എന്നിരുന്നാലും, 2023 ലോകകപ്പിനിടെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡും, ബിസിസിഐ-യും തമ്മിലുള്ള ചർച്ചകൾ അവരുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവിന് സഹായകമായി.

ടി20 ലോകകപ്പ് സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യയുമായുള്ള ആദ്യ മത്സരത്തിൽ തിരിച്ചടി നേരിട്ട അഫ്ഗാൻ സെമി ഫൈനലിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്.