പടിക്കൽ കാലമുടച്ച് ഇംഗ്ലണ്ട് ; ഇനി കറുത്ത കുതിരകൾക്കെതിരെ വിജയം അനിവാര്യം

Image 3
CricketWorldcup

ടി20 ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറുന്ന സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ചു. ഇതോടെ സെമിയിലേക്ക് യോഗ്യത നേടണമെങ്കിൽ ജോസ് ബട്‌ലറുടെ നേതൃത്വത്തിലുള്ള ടീം അവസാന മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. കുഞ്ഞന്മാരായാണ് എത്തിയതെങ്കിലും ഇതിനോടകം തന്നെ ടൂർണമെന്റിന്റെ കറുത്ത കുതിരകളായി മാറിയ ടീമാണ് യുഎസ്എ.

മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 164 റൺസ് എന്ന താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് എന്നാൽ 156 റൺസിൽ എല്ലാവരും കൂടാരം കയറി. തുടക്കത്തിലേ വിക്കറ്റുകൾ വീണെങ്കിലും ലിവിംഗ്സ്റ്റണിന്റെയും (33 റൺസ്) ബ്രൂക്കിന്റെയും (53 റൺസ്) മികച്ച പാർട്ണർഷിപ്പ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതാണ്. എന്നാൽ, അവസാന മൂന്ന് ഓവറിൽ 25 റൺസ് അധികം വേണ്ടിയിരുന്ന നിലയിൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന് വിജയം നഷ്ടമായി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്വിന്റൺ ഡി കോക്ക് 38 പന്തിൽ 65 നേടി തകർപ്പൻ തുടക്കം നൽകി. അദ്ദേഹം ക്രീസിൽ നിൽക്കുന്ന സമയം മുഴുവൻ , സൗത്ത് ആഫ്രിക്ക 200 റൺസ് എങ്കിലും നേടുമെന്ന് തോന്നിയെങ്കിലും, ഡികോക്കിന്റെ വിക്കറ്റ് ഒരു തകർച്ചയ്ക്ക് തുടക്കമിടുകയും, ആവശ്യമായ ഫിനിഷിങ് സൗത്ത് ആഫ്രിക്കയ്ക്ക് ലഭിക്കാതെ പോവുകയും ചെയ്തു. ഡേവിഡ് മില്ലർ 28 പന്തിൽ 43 റൺസ് നേടി ടീമിനെ 160 റൺസ് കടക്കാൻ സഹായിച്ചു.

സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇംഗ്ലണ്ട് അവരുടെ അവസാന മത്സരത്തിൽ യുഎസ്എയെ തോൽപ്പിക്കണം. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ ആധികാരികമായി ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. അതിനാൽ തന്നെ ഇംഗ്ലണ്ടിന് മികച്ച റൺ റേറ്റാണുള്ളത്, അവർക്ക് യുഎസ്എയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ സെമി ഫൈനൽ യോഗ്യത നേടാം. ഒന്നിലധികം ടീമുകൾക്ക് തുല്യ പോയിന്റുള്ള ഒരു സാഹചര്യം വന്നാൽ, ഇംഗ്ലണ്ടിന് റൺ റേറ്റ് ഉപകാരപ്രദമാകും.

പവർപ്ലേയിൽ വേണ്ടത്ര ആക്രമണോത്സുകത കാണിക്കാത്തതാണ് തോൽവിക്ക് കാരണമായതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ പ്രതികരിച്ചു.

“ക്വിന്റൺ വളരെയധികം പോസിറ്റിവിറ്റിയോടെയാണ് ക്രീസിലെത്തിയത്, ഞങ്ങൾക്ക് അതിനൊപ്പമെത്താൻ കഴിഞ്ഞില്ല. ഞങ്ങൾ തിരിച്ചടിച്ചു, ആ ലക്ഷ്യം പിന്തുടരുന്നതിൽ സന്തോഷമുണ്ടായിരുന്നു, എന്നാൽ ആ ഇന്നിംഗ്സ് ആയിരുന്നു വ്യത്യാസം. ബ്രൂക്കും ലിവിംഗ്‌സ്റ്റോണും ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കി ഞങ്ങളെ വിജയത്തോടടുപ്പിച്ചു. പക്ഷെ ഫിനിഷ് ചെയ്യാനായില്ല.

ബട്‌ലർ പറയുന്നു