മരണപ്പോരില്‍ കൂറ്റന്‍ ജയവുമായി ആര്‍സിബി, പഞ്ചാബ് വന്‍ ഗര്‍ത്തത്തിലേക്ക് വീണു

Image 3
CricketCricket News

ഐപിഎല്ലില്‍ ഡു ഓര്‍ ഡൈ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം. 60 റണ്‍സിനാണ് ആര്‍സിബി പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തത്. ആര്‍സിബി ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പഞ്ചാബ് കിംഗ്‌സിന് 181 റണ്‍സാണ് നേടാനായത്.

അര്‍ധ സെഞ്ച്വറി നേടിയ റിലി റോസോ ആണ് പാഞ്ചാബിനായി പോരാടിയത്. 27 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സാണ് റോസോ സ്വന്തമാക്കിയത്. ശശാങ്ക് സിംഗ് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 37ഉം ജോണി ബെയര്‍സ്‌റ്റോ 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സും സ്വന്തമാക്കി. സാം കറണ്‍ 22 റണ്‍സും സ്വന്തമാക്കി.

പ്രഭ്‌സിമ്രാന്‍ സിംഗ് (6), ജിതേഷ് ശര്‍മ്മ (5), ലിയാം ലിവിംഗ്സ്റ്റണ്‍ (0), അശുതോഷ് (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷദീപ് സിംഗ് (4), രാഹുല്‍ ചഹര്‍ (5*) എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് താരങ്ങളുടെ പ്രകടനം.

ആര്‍സിബിക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സ്വപ്‌നില്‍ സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍ കരണ്‍ ശര്‍മമ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. ആര്‍സിബിയ്ക്കായി ബംഗളൂരു 47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 92 റണ്‍സാണ് നേടിയത്. 195 പ്രഹരശേഷിയിലാണ് കോഹ്ലിയുടെ വെടിക്കെട്ട്. ഇതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ 600 റണ്‍സും കോഹ്ലി കടന്നു.

കോഹ്ലിയെ കൂടാതെ രജത് പട്ടീദാറും ആര്‍സിബിയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. 23 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 55 റണ്‍സാണ് പട്ടീദാര്‍ നേടിയത്. കാറൂണ്‍ ഗ്രീന്‍ 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46ഉം ദിനേഷ് കാര്‍ത്തിക് ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 18 റണ്‍സും നേടി. ഫാഫ് ഡുപ്ലെസിസ് (9), വില്‍ ജാക്‌സ് (12), മഹിപാല്‍ ലംറോര്‍ (0), സ്വപ്‌നില്‍ സിംഗ് (1) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം.

പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിദ്വാത്ത് കവരപ്പ രണ്ടും അര്‍ഷദീപ് സിംഗും സാം കറണും ഓരോ വിക്കറ്റ് വീതവും വീതം വീഴ്ത്തി.