ഇന്ത്യ ഫൈനലുറപ്പിച്ചു, സെമി ഫൈനല്‍ പോലും കളിക്കേണ്ടി വരില്ല, സാധ്യതയിങ്ങനെ

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ ഇന്ത്യ മികച്ച നിലയില്‍ മുന്നേറുകയാണല്ലോ. ഒരു മല്‍സരം ബാക്കിനില്‍ക്കെ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയ ടീം ഇന്ത്യ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ഇനി മൂന്നു കടമ്പകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ആദ്യത്തേത് സൂപ്പര്‍ എട്ടാണ്. തുടര്‍ന്നു സെമിയും ഫൈനലും ജയിച്ചാല്‍ കപ്പുമായി ഇന്ത്യക്കു മടങ്ങാം.

എന്നാല്‍ സെമി ഫൈനലില്‍ ജയിക്കാതെ തന്നെ ഇന്ത്യ ഫൈനലില്‍ കളിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. നിലവില്‍ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഐസിസി നേരത്തേ തന്നെ ഇന്ത്യയെ ഒന്നാം സീഡുകളാക്കിയിരുന്നു. രണ്ടാം സീഡുകളായ ഓസ്ട്രേലിയയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു ടീം.

ഏഷ്യയില്‍ നിന്നുള്ള അഫ്ഗാനിസ്താനും ഈ ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞു. ഇനി നാലാമത്തെയും അവസാനത്തെയും ടീമിനെയാണ് അറിയേണ്ടത്. ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാരായിരിക്കും ഈ ടീം. നിലവില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ബംഗ്ലാദേശിനു തന്നെയാണ് ഇപ്പോള്‍ ഏറ്റവുമധികം സാധ്യതയുള്ളത്.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം 20ന് അഫ്ഗാനിസ്താനെതിരേയാണ്. 22നാണ് ഇന്ത്യ- ബംഗ്ലാദേശ് മല്‍സരം. 24നു അവസാന കളിയില്‍ ഓസ്ട്രേലിയയുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. സെമി ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ 27നു നടക്കുന്ന രണ്ടാം സെമിയിലാണ് കളിക്കേണ്ടി വരിക. സീഡിങില്‍ മുന്നിലായതാണ് കാരണം. എന്നാല്‍ ഗയാനയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തിനു മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതാണ് ഫൈനലിലെത്താന്‍ ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. രണ്ടാം സെമി മാത്രമല്ല ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ സൂപ്പര്‍ എട്ട് മല്‍സരവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടേക്കാം.

അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരുമായുള്ള സൂപ്പര്‍ എട്ട് മല്‍സരങ്ങളില്‍ ഇന്ത്യ വിജയം കൊയ്യുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസീസുമായുള്ള അവസാന മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ ഗ്രൂപ്പ് ഒന്നിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലിലേക്ക് കയറും.

മറുഭാഗത്ത് ഓസീസും ആദ്യ രണ്ടു മല്‍സരവും ജയിച്ചാല്‍ അവരും സെമിയിലേക്കു മുന്നേറും. ഇങ്ങനെ വന്നാല്‍ ഗയാനയിലെ രണ്ടാം സെമിയാണ് ഇന്ത്യക്കു ലഭിക്കുക. പക്ഷെ മഴ കാരണം ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ ടോപ് സീഡുകളെന്ന നിലയില്‍ ഇന്ത്യക്കാണ് ഫൈനലിലേക്കു യോഗ്യത ലഭിക്കുക. ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുമോയെന്നു ഇനി നമുക്കു കാത്തിരുന്നു തന്നെ കാണാം.