ആഫ്രിക്കയിൽ പോയി സിംഹത്തെ വെടിവെച്ചു കൊന്നു, സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ ആരോപണവുമായി സ്വീഡിഷ് പത്രം

Image 3
FeaturedFootball

ആഫ്രിക്കയിൽ പോയി സിംഹത്തെ വെടിവെച്ചു കൊന്നു തോലും തലയോട്ടിയും സ്വന്തം രാജ്യത്തേക്ക് ഇറക്കുമതി ചെയ്‌തെന്ന ആരോപണം സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ ഉന്നയിച്ചിരിക്കുകയാണ് സ്വീഡിഷ് മാധ്യമമായ എക്സ്പ്രസെൻ. 2011ൽ നടന്ന സംഭവമാണ് ഇപ്പോൾ വിവാദമായി ഉയർന്നു വന്നിരിക്കുന്നത്. സിംഹത്തെ വെടിവെച്ചു കൊന്നത് ഇബ്രാഹിമോവിച്ചാണെന്നാണ് മാധ്യമത്തിന്റെ വാദം.

വംശനാശം നേരിടുന്ന ജീവിവർഗങ്ങളിലൊന്നായ സിംഹം നേച്ചർ റെഡ് ലിസ്റ്റിൽ പെട്ട മൃഗങ്ങളിലൊന്നാണ്. ഈ സംഭവത്തിൽ അഭിപ്രായം പറയാൻ ഇബ്രാഹിമോവിച്ചിനോട് മാധ്യമം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. സ്വന്തം ശരീരത്തിൽ സിംഹത്തിന്റെ തല പച്ചക്കുത്തിയിട്ടുള്ള ഇബ്രാഹിമോവിച്ചിന്റെ ഭാഗത്തു നിന്നു തന്നെ ഇത്തരത്തിലൊരു സംഭവം നടന്നതായാണ് മാധ്യമം ആരോപിക്കുന്നത്.

ആഫ്രിക്കയിൽ സിംഹങ്ങളെ കൊല്ലുന്നതിനു നിയമപരമായി വിലക്കുകളൊന്നുമില്ല. താരം അതിനുള്ള ലൈസൻസ് എടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ലൈസൻസ് എടുത്തതിനു ശേഷം ഒരു വർഷത്തിനകം തന്നെ ആഫ്രിക്കയിൽ പോയി സിംഹത്തെ വെടിവെച്ചു കൊന്നു അതിന്റെ തലയോട്ടിയും തോലും സ്വന്തം നാടായ മാൽമോയിലേക്ക് കൊണ്ടുവന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊന്നുവെന്നതിന്റെ തെളിവായി വിജയമുദ്രയായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.ആഫ്രിക്കയിൽ ഇത്തരത്തിൽ വേട്ടക്കായി നിരവധി സമ്പന്നരായ ആളുകൾ താത്പര്യം പ്രകടിപ്പിച്ചു എത്താറുണ്ടെന്നു പഠനം തെളിയിക്കുന്നു.

ഇത്തരത്തിൽ ആഫ്രിക്കയിൽ 1.7മില്യൺ മൃഗങ്ങൾ വേട്ടയാടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ താരം കുറേ കാലമായി കൂട്ടിലടച്ചു വളർത്തി തുറന്നുവിട്ട സിംഹത്തെയാണ് കൊന്നതെന്നാണ് ഈ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നത്. ഇത് ആഫ്രിക്കയിൽ നിയമപരമായ ഒരു പ്രവൃത്തിയാണ്. എന്തായാലും സിംഹത്തെ ഇത്രയധികം സ്നേഹിക്കുന്ന ഒരു സൂപ്പർതാരത്തിൽ നിന്നുണ്ടായ ഇത്തരമൊരു ഹീനപ്രവൃത്തിക്കെതിരെ സ്വന്തം രാജ്യത്തു നിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.