പെനാൽറ്റി പാഴാക്കിയതിൽ രോഷമടക്കാനാവാതെ സ്ലാട്ടൻ, ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി

Image 3
FeaturedFootballSerie A

ഹെല്ലാസ് വെറോണയുമായി സ്വന്തം തട്ടകത്തിൽ നടന്ന സീരി എ മത്സരത്തിൽ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ് എസി മിലാന്. ഇഞ്ചുറി ടൈമിൽ സമനിലഗോൾ നേടി എസി മിലാനെ തോൽ‌വിയിൽ നിന്ന് കരകയറ്റിയെങ്കിലും ആ മത്സരത്തിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ വളരെ നിരാശനായാണ് സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കാണപ്പെട്ടത്.

മത്സരശേഷം അതിനെക്കുറിച്ച് സ്ലാട്ടൻ സംസാരിക്കുകയും ചെയ്തു. 66-ാം മിനുട്ടിലാണ് ആ സംഭവം അരങ്ങേറിയത്. സഹതാരം കെസ്സിയെ പെനാൽറ്റി ബോക്സിൽ കിട്ടിയ ഫൗളിന് പെനാൽറ്റിയെടുക്കാൻ മുന്നോട്ടുവന്നത് സ്ലാട്ടനായിരുന്നു. എന്നാൽ സ്ലാട്ടനെടുത്ത ഷോട്ട് ക്രോസ്സ്ബാറിനു മുകളിലൂടെ പോവുകയായിരുന്നു. ഈ സീസണിൽ തുടർച്ചയായ മൂന്നാമത്തെ പെനാൽറ്റിയാണ് സ്ലാട്ടൻ മിസ്സാക്കുന്നതെന്നതും വസ്തുതയാണ്. എന്നാൽ ഇക്കാര്യത്തിൽ ദേഷ്യം അടക്കാനാവാതെ സ്വയം വിമർശനവുമായാണ് സ്ലാട്ടൻ രംഗത്തെത്തിയത്.

“ഞാൻ വളരെയധികം ദേഷ്യത്തിലാണുള്ളത്. ഇന്നു സമനിലയായത് അത്ര നല്ല കാര്യമായി തോന്നുന്നില്ല. ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. ഞാൻ ഒരു പെനാൽറ്റി പാഴാക്കി. എനിക്ക് തോന്നുന്നത് ഞാൻ ഇനി കെസ്സിക്ക് അവസരം നൽകണമെന്നാണ്. അതാണ് ഇപ്പോൾ നല്ലത്.”

“ഞങ്ങൾ രണ്ടു ഗോളുകളാണ് വഴങ്ങിയത്. രണ്ടു ഗോളുകൾ തിരിച്ചടിക്കാനും സാധിച്ചു. ഞങ്ങൾക്ക് ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇനി ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ടു പോവണമെന്നാണ്. നിലവിലെ ടേബിളിലെ അവസ്ഥയനുസരിച്ച് ഞങ്ങൾക്ക് എല്ലാ മത്സരവും ജയിക്കേണ്ടതുണ്ട്. “മത്സരശേഷം സ്ലാട്ടൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു.