സ്ലാട്ടനെ വാക്കുകൾ കൊണ്ടു തളർത്താൻ ശ്രമിച്ച് റൊണാൾഡോ, ഒടുവിൽ ചിരിച്ചത് ദൈവം തന്നെ

Image 3
FeaturedFootball

ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ അപ്രമാദിത്വം കാണിച്ചിരുന്ന എസി മിലാൻ തിരിച്ചു വരവിന്റെ പാതയിലാണെന്ന പ്രതീക്ഷ ആരാധകർക്കു നൽകിയാണ് യുവന്റസിനെതിരായ സീരി എ മത്സരം അവസാനിച്ചത്. റൊണാൾഡോയുടെയും റാബിയോട്ടിന്റെയും ഗോളുകൾക്കു മുന്നിലായിരുന്ന യുവന്റസിനെ പിന്നിൽ നിന്നും തിരിച്ചടിച്ചാണ് രണ്ടിനെതിരെ നാലു ഗോളുകൾക്ക് എസി മിലാൻ കീഴ്പ്പെടുത്തിയത്.

മത്സരത്തിൽ യുവന്റസിന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രഹിമോവിച്ചായിരുന്നു. മുപ്പത്തിയെട്ടുകാരനായ താരം പെനാൽട്ടിയിലൂടെ അറുപത്തിരണ്ടാം മിനുട്ടിൽ നേടിയ ഗോളിലാണ് മിലാൻ സ്കോർബോർഡ് ചലിപ്പിച്ചത്. ആ പെനാൽട്ടിയെടുക്കുന്നതിനു മുൻപ് റൊണാൾഡോ സ്ലാട്ടനെ തളർത്താൻ നടത്തിയ ശ്രമങ്ങളും അതിനു താരത്തിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പെനാൽട്ടിയെടുക്കാനായി നിന്ന ഇബ്രഹിമോവിച്ചിന്റെ തൊട്ടടുത്തു നിന്ന റൊണാൾഡോ യുവന്റസ് ഗോൾകീപ്പർ ഷെസ്നിയോടു പറഞ്ഞ വാക്കുകൾ ഇങ്ങിനെയായിരുന്നു. “ടെക്, നിനക്കിയാളെ നന്നായി അറിയാമല്ലോ”. ഇബ്രയുടെ കിക്ക് എങ്ങോട്ടാണു വരികയെന്ന് യുവന്റസ് ഗോൾകീപ്പർക്ക് അറിയാമെന്ന രീതിയിലുള്ള മൈൻഡ് ഗെയിമാണു റൊണാൾഡോ കളിച്ചത്. എന്നാൽ അതിനു വഴങ്ങാതെ അനായാസമായി സ്ലാട്ടൻ കിക്ക് വലയിലെത്തിച്ചു.

ഗോളടിച്ചതിനു ശേഷം റൊണാൾഡോക്കു മറുപടിയെന്ന രീതിയിൽ ഇബ്രാഹിമോവിച്ച് താരത്തിന്റെ മുഖത്തു നോക്കി ചിരിച്ചത് രണ്ടു ഫുട്ബോൾ താരങ്ങൾ തമ്മിലുള്ള മനോഹരമായ രംഗമായിരുന്നു. അതിനു ശേഷം അഞ്ചു മിനുട്ടിനിടെ ഫ്രാങ്ക് കെസീ, റാഫേൽ ലിയോ എന്നിവരിലൂടെ ഗോൾ നേടി മുന്നിലെത്തിയ മിലാൻ ഒടുവിൽ റെബിക്കിലൂടെ പട്ടിക തികച്ചാണ് മത്സരം സ്വന്തമാക്കിയത്.