സ്ലാട്ടന്‍ പ്രായത്തെ തോല്‍പിച്ച് കുതിക്കുന്നു, അമ്പരന്ന് ഫുട്‌ബോള്‍ ലോകം

Image 3
FeaturedFootball

അറ്റലാന്റയുമായി സമനിലയിൽ പിരിഞ്ഞെങ്കിലും സാംപഡോറിയയുമായി നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ മികവിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് എസി മിലാൻ വിജയം നേടി. എസി മിലാനു വേണ്ടി സ്ലാട്ടന്റെ ഏറ്റവും വേഗതയേറിയ ഗോളിനു സാക്ഷ്യം വഹിച്ച മത്സരമായിരുന്നു ഇത്.

ആദ്യ മൂന്നു മിനുട്ടിനുള്ളിൽ തന്നെ സ്ലാട്ടൻ തകർപ്പൻ ഹെഡ്ഡറിലൂടെ സംപഡോറിയയുടെ വലകുലുക്കി. അതിനു ശേഷം ഹെഡ്ഡറിലൂടെ തന്നെ സഹതാരം ചനനഹ്‌ലുവിന്റെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ചനനഹ്‌ലുവിന്റെ തന്നെ അസിസ്റ്റിൽ സ്ലാട്ടൻ മിലാന്റെ മൂന്നാം ഗോൾ നേടി. അൽകിഡ്‌സന്റെ ഗോളിൽ സംപഡോറിയ ആശ്വാസഗോൾ നേടിയെങ്കിലും പകരക്കാരനായി വന്ന റാഫേൽ ലിയാവോ കൂടി ഗോൾ നേടിയതോടെ മിലാൻ വിജയം ഉറപ്പിക്കുകയായിരുന്നു.

തന്റെ വയസ്സ് പിറകിലോട്ടാണെന്നു തെളിയിച്ചു കൊണ്ടാണ് എസി മിലാനിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോളടിച്ചു മുന്നേറുന്നത്. ജനുവരിയിൽ എസി മിലാനിലേക്ക് ചേക്കേറിയ സ്ലാട്ടൻ 19 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും 5 അസിസ്റ്റുകളും നേടിയിരിക്കുകയാണ്. തന്റെ മുപ്പത്തിയെട്ടാം വയസിലും അവിശ്വസനീയ പ്രകടനമാണ് ഈ സ്വീഡിഷ് സൂപ്പർതാരം കാഴ്ചവെക്കുന്നത്.

സാംപഡോറിയക്കെതിരെയുള്ള ഇരട്ട ഗോൾ നേട്ടത്തോടെ മിലാൻ ക്ലബ്ബുകൾക്ക് വേണ്ടി 50 ഗോൾ നേടുന്ന ആദ്യ താരമാകാനും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് സാദിച്ചിരിക്കുകയാണ്. സ്ലാട്ടന്റെ ജയിക്കാനുള്ള മനോഭാവം ടീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു ടീമംഗങ്ങൾ തന്നെ പ്രശംസിച്ചിരുന്നു. ഇതു വെറും തുടക്കം മാത്രമാണെന്ന് സ്ലാട്ടൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പരിശീലകൻ സ്‌റ്റെഫാനോ പിയോളിയുടെ കീഴിൽ ഒരു വർഷം കൂടി തുടരാനാവുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്.