ഞാൻ വൃദ്ധനായി ജനിച്ച് യുവാവായി മരിക്കും, താൻ ബെഞ്ചമിൻ ബട്ടണെ പോലെയെന്ന് സ്‌ലാട്ടൻ ഇബ്രാഹിമോവിച്ച്

Image 3
FeaturedFootballSerie A

എസി മിലാൻ ബോലോഗ്ന മത്സരത്തിൽ ഇരട്ടഗോൾ പ്രകടനവുമായി തിളങ്ങിനിൽക്കുകയാണ് സ്‌ലാട്ടൻ ഇബ്രാഹിമോവിച്ച്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇബ്രക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റിലായിരുന്നു താരത്തിന്റെ ആദ്യ ഗോൾ പിറന്നത്. തിയോ ഹെർണാണ്ടസിന്റെ ഒരു ക്രോസിൽ നിന്ന് ഉജ്ജ്വലഹെഡറിലൂടെ താരം വലകുലുക്കുകയായിരുന്നു. തുടർന്ന് അൻപതാം മിനുട്ടിൽ താരം ഇരട്ടഗോളും തികച്ചു. പെനാൽറ്റിയിലൂടെയാണ് താരം രണ്ടാം ഗോൾ നേടിയത്.

മത്സരശേഷം താൻ ബെഞ്ചമിൻ ബട്ടനെ പോലെയാണ് എന്നാണ് ഇബ്ര അഭിപ്രായപ്പെട്ടത്. വൃദ്ധനായി ജനിച്ച് കൊച്ചുകുഞ്ഞായി മരിക്കുന്ന ഇംഗ്ലീഷ് സിനിമ കഥാപാത്രമാണ് ബെഞ്ചമിൻ ബട്ടൺ. പ്രായം കൂടുംതോറും താൻ യുവാവായി മാറുകയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മത്സരശേഷം സ്കൈ സ്‌പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

” ഞാൻ മികച്ച രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇത് രണ്ടാമത്തെ ഔദ്യോഗിക മത്സരമാണ്. ഞങ്ങൾക്ക് വിജയം നേടാനായി. എനിക്കു കൂടുതൽ ഗോളുകൾ നേടാമായിരുന്നു. എനിക്ക് ഇരുപത് വയസായിരുന്നുവെങ്കിൽ ഞാൻ നാല് ഗോളുകളടിച്ചേനെ. ഞാൻ ബെഞ്ചമിൻ ബട്ടണെ പോലെയാണ്. ഞാൻ വൃദ്ധനായി ജനിക്കുകയും യുവാവായി മരിക്കുകയും ചെയ്യും. തീർച്ചയായും ഞങ്ങൾ നൂറ് ശതമാനം മികച്ചവർ ഒന്നുമല്ല.”

“ഞങ്ങൾ മത്സരത്തിൽ പിഴവുകൾ വരുത്തിയിരുന്നു. ഇന്ന് ഏറെ നിർണായകമായ വിജയമാണ് നേടാനായത്. കഴിഞ്ഞ വർഷത്തിനേക്കാൾ മികച്ച ഒരു ലക്ഷ്യം ഇപ്പോൾ ഞങ്ങൾക്കുണ്ട്. യുവതാരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അച്ചടക്കത്തോടെ ഓരോ ദിവസവും മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. ഉത്തരവാദിത്തങ്ങൾ എനിക്ക് ഇഷ്ടമാണ്. എന്റെ പ്രായത്തെ കുറിച്ച് സംസാരിക്കാൻ എനിക്കിഷ്ടമല്ല.” ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടു.