തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഗില്‍, സിക്‌സ് മാലയുമായി സഞ്ജു പുറത്ത്, ഇന്ത്യ വിജയലക്ഷ്യം കുറിച്ചു

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ മികവിലാണ് ഇന്ത്യ തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി കൂടിയാണ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത്.

97 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 130 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത്. ഗില്ലിനെ കൂടാതെ ഇന്ത്യയ്ക്കായി ഇഷാന്‍ കിഷനും അര്‍ധ സെഞ്ച്വറി നേടി. 61 പന്തില്‍ ആറ് ബൗണ്ടറി അടക്കം 50 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ സ്വന്തമാക്കി നന്നായി തുടങ്ങിയെങ്കിലും ഹാട്രിക്ക് സിക്‌സ് അടിക്കാന്‍ ശ്രമിച്ച് പുറത്താകുകയായിരുന്നു. 13 പന്തില്‍ രണ്ട് സിക്‌സ് സഹിതം 15 റണ്‍സാണ് 43ാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായെ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ കെഎല്‍ രാഹുലും നല്‍കിയത്. ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ കെഎല്‍ രാഹുല്‍ പുറത്തായി. 46 പന്തില്‍ ഒരു ഫോറും സിക്‌സും സഹിതം 30 റണ്‍സാണ് രാഹുല്‍ നേടിയത്. ധവാന്‍ 68 പന്തില്‍ അഞ്ച് ഫോറടക്കം 40 റണ്‍സെടുത്തും പുറത്തായി. പിന്നീട് ഇഷാന്‍ കിഷനൊപ്പം 140 റണ്‍സിന്റെ കൂട്ടുകെട്ടാണ് ശുഭ്മാന്‍ ഗില്‍ ഉണ്ടാക്കിയത്.

ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷാര്‍ദുല്‍ താക്കൂര്‍ ഒന്‍പത് റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. ദീപക് ചഹര്‍ (1), കുല്‍ദീപ് യാദവ് (2) എന്നിവര്‍ പുറത്താകാതെ നിന്നു.

സിംബാബ് വെയ്ക്കായി ബ്രാഡ് എവന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 10 ഓവറലില്‍ 54 റണ്‍സ് വഴങ്ങിയാണ് എവന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നിയോച്ചിയും ജോഗവേയും ഓരോ വിക്കറ്റും സ്വന്തമാക്കി.

You Might Also Like