ചരിത്രം സികന്ദര്‍ റാസ എഴുതി, വീണ്ടും സെഞ്ച്വറി, വന്‍ അട്ടിമറിയുമായി സിംബാബ്‌വെ

ബംഗ്ലാദേശിനെ രണ്ടാം ഏകദിനത്തിലും തകര്‍ത്ത് സിംബാബ്‌വെ ക്രിക്കറ്റ് ടീം ടി20യ്ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കി ചരിത്രമെഴുതി. കഴഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു പ്രധാന ടീമിനെതിരെ സിംബാബ്‌വെ നേടുന്ന ഏക ഏകദിന പരമ്പരയാണിത്. അഞ്ച് വിക്കറ്റിനാണ് സിംബാബ്‌വെയുടെ രണ്ടാം ഏകദിന വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 290 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 15 പന്ത് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. വീണ്ടും സെഞ്ച്വറിയുമായി സികന്ദര്‍ റാസ അമ്പരപ്പിച്ചപ്പോള്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത് ചക്കാബയും സിംബാബ് വെയ്ക്കായി സെഞ്ച്വറി സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ നാലിന് 49 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ അഞ്ചാം വിക്കറ്റില്‍ റാസയും ചക്കബവയും ചേര്‍ന്ന് 201 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിജയത്തിനരികിലെത്തിക്കുകയായിരുന്നു. റാസ 127 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സുമായി പുറത്താകാതെ നിന്നു. ചക്കബവ 75 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും സഹിതം അതിവേഗം 102 റണ്‍സും സ്വന്തമാക്കി.

30 റണ്‍സുമായി ടോണി മുയോഗയും റാസയ്‌ക്കൊപ്പം ചേര്‍ന്നതോടെ സിംബാബ്‌വെ സ്വപ്‌ന സമാന വിജയം കരസ്ഥമാക്കി. ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂകും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. താജുല്‍ ഇസ്ലാം ഒരു വിക്കറ്റും സ്വന്താക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി മഹ്മദുളളയും തമീം ഇഖ്ബാലും അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും സഹിതം പുറത്താകാതെ 80 റണ്‍സാണ് മഹ്മദുള്ള സ്വന്തമാക്കിയത്. തമീം 45 പന്തില്‍ 10 ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സ് സ്വന്തമാക്കിയത്.

എന്നാല്‍ ബംഗ്ലാദേശ് വാലറ്റം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ പോയതോടെ ബംഗ്ലാ സ്‌കോര്‍ 300 കടക്കാതെ പോകുകയായിരുന്നു. സിംബാബ് വെയ്ക്കായി സികന്ദര്‍ റാസ ബൗളിംഗിലും തിളങ്ങി. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് റാസ സ്വന്തമാക്കിയത്. മദേവരെ രണ്ടും ന്യൂച്ചിയും ചിവാംഗേയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പരമ്പരയില്‍ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. നേരത്തെ ടി20 പരമ്പര സിംബാബ് വെ 2-1ന് ജയിച്ചിരുന്നു.

You Might Also Like